ad
Deshabhimani

ഇതിഹാസങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം നൽകണം; രോഹിത്-കോഹ്‌ലി വിഷയത്തിൽ യുവരാജ്

rohith kohli
വെബ് ഡെസ്ക്

Published on Apr 04, 2026, 11:35 AM | 2 min read

മുംബൈ: 2027-ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും ഭാവി കാര്യത്തിൽ ബിസിസിഐയും സെലക്ടർമാരും വ്യക്തത വരുത്തണമെന്ന് മുൻ താരം യുവരാജ് സിങ്. അനിശ്ചിതത്വം ഒഴിവാക്കാൻ താരങ്ങളുമായി സുതാര്യമായ ചർച്ചകൾ നടത്തണമെന്നും ടീം മാനേജ്‌മെന്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ട്വന്റി 20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇരുവരും ഏകദിനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യുവരാജ് സെലക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്. "അവരുടെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല, ഒരുപക്ഷേ ലോകകപ്പ് കളിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ സെലക്ടർമാരും താരങ്ങളും തമ്മിൽ കൃത്യമായ ഒരു സംവാദം ഇവിടെ ആവശ്യമാണ്. ടീം യുവാക്കളെയാണ് ലക്ഷ്യമിടുന്നതെങ്കിൽ അത് അവരുടെ മുഖത്ത് നോക്കി പറയാൻ മാനേജ്‌മെന്റ് തയ്യാറാകണം. നിർഭാഗ്യവശാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഇത്തരം കാര്യങ്ങൾ അധികം സംഭവിക്കാറില്ല," യുവരാജ് വ്യക്തമാക്കി.


കണക്കുകൾ പരിശോധിച്ചാൽ ഇരുവരും ഇപ്പോഴും മികച്ച ഫോമിലാണെന്ന് കാണാം. 2025 അവസാനത്തോടെ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ വിരാട് കോലി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ 151 ശരാശരിയിൽ 302 റൺസ് നേടി ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തിയിരുന്നു. ഓസ്‌ട്രേലിയയിൽ 101 ശരാശരിയിൽ 202 റൺസ് നേടിയ രോഹിത് ശർമ്മ, സിഡ്‌നിയിൽ ഇന്ത്യയ്ക്ക് ചരിത്രപരമായ പരമ്പര നേടിക്കൊടുക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചു. എന്നാൽ തൊട്ടുപിന്നാലെ നടന്ന ന്യൂസിലൻഡ് പരമ്പരയിൽ രോഹിത്തിന് 61 റൺസ് മാത്രമേ നേടാനായുള്ളൂ.


യശസ്വി ജയ്‌സ്വാളിനെപ്പോലെയുള്ള യുവതാരങ്ങൾ അവസരം കാത്തുനിൽക്കുമ്പോൾ, സീനിയർ താരങ്ങളുടെ ഭാവി നിശ്ചയിക്കുക എന്നത് ബിസിസിഐയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ ഐപിഎൽ സീസണിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം വേണമെന്നാണ് യുവരാജിന്റെ പക്ഷം. "അവരെ ലോകകപ്പിനായി നിലനിർത്തുന്നുണ്ടെങ്കിൽ പൂർണ്ണ പിന്തുണ നൽകുക. അല്ലായെങ്കിൽ യുവാക്കളെയാണ് പരിഗണിക്കുന്നതെന്ന് അവരോട് തുറന്നു പറയണം. ട്വന്റി 20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത്. വിരാട് ഈ തലമുറയിലെ ഏറ്റവും മികച്ച താരമാണ്. അവർ അർഹിക്കുന്ന ബഹുമാനം നൽകി വേണം തീരുമാനങ്ങളെടുക്കാൻ," യുവി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home