ad
Deshabhimani

'ധോണിയോടും കപിൽ ദേവിനോടും ഞാൻ മാപ്പ് ചോദിക്കുന്നു'; പിതാവിന്റെ വിവാദ പരാമർശങ്ങളിൽ യുവരാജ് സിങ്

yuvaraj
വെബ് ഡെസ്ക്

Published on Apr 04, 2026, 12:03 PM | 1 min read

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ എംഎസ് ധോണിയോടും കപിൽ ദേവിനോടും പരസ്യമായി മാപ്പപേക്ഷിച്ച് മുൻ താരം യുവരാജ് സിങ് . തന്റെ പിതാവ് യോഗ്‌രാജ് സിങ് മുൻ താരങ്ങൾക്കെതിരെ നടത്തിയ വിവാദപരമായ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് യുവരാജിന്റെ ഈ നീക്കം. ഒരു സ്പോർട്സ് പോഡ്കാസ്റ്റിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. പിതാവ് നടത്തിയ അഭിമുഖങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തിന്, "അച്ഛാ, ഇത് ശരിയല്ല" എന്ന് താൻ നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് യുവരാജ് വെളിപ്പെടുത്തി.


ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. എന്നാൽ യുവരാജിന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ലഭിക്കാത്തതിൽ എംഎസ് ധോണിയാണ് കാരണമെന്ന് ആരോപിച്ച് യോഗ്‌രാജ് സിങ് പലതവണ രംഗത്തെത്തിയിരുന്നു. കൂടാതെ, 1980-കളിൽ തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ അന്ന് നായകനായിരുന്ന കപിൽ ദേവിനെ വധിക്കാൻ താൻ ആഗ്രഹിച്ചിരുന്നു എന്നതടക്കമുള്ള യോഗ്‌രാജിന്റെ വെളിപ്പെടുത്തലുകൾ വലിയ വിവാദമായിരുന്നു.


തന്റെ പിതാവ് മുൻപ് നടത്തിയ ഇത്തരം വൈകാരികവും പ്രകോപനപരവുമായ പ്രസ്താവനകൾ മൂലം സഹതാരങ്ങൾക്കും മുതിർന്ന താരങ്ങൾക്കും ഉണ്ടായ വിഷമത്തിന് പരിഹാരമായാണ് യുവരാജ് ഇപ്പോൾ മാപ്പപേക്ഷിച്ചിരിക്കുന്നത്. "കപിൽ ദേവിനോടും എംഎസ് ധോണിയോടും ഞാൻ മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നു," എന്ന് യുവരാജ് വ്യക്തമാക്കി. പിതാവിന്റെ നിലപാടുകളെ തള്ളിക്കൊണ്ടുള്ള യുവരാജിന്റെ ഈ പ്രതികരണം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home