ad
Deshabhimani

അഭിഷേക് ശർമയ്ക്കും ഗില്ലിനും വഴിതെറ്റുന്നു; തുറന്നടിച്ച് മുൻ താരം യോഗ്രാജ് സിങ്

abhishek
വെബ് ഡെസ്ക്

Published on Mar 27, 2026, 08:20 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ വളർന്നുവരുന്ന താരങ്ങളായ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും കടന്നാക്രമിച്ച് മുൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. അഭിഷേകിന്റെ ശ്രദ്ധ പൂർണ്ണമായും ക്രിക്കറ്റിലല്ലെന്നും അമിതമായ പണവും പ്രശസ്തിയും താരങ്ങളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുവരാജ് സിങ്ങിന്റെ പദവിയിലെത്താൻ അഭിഷേക് ഇനിയുമൊരു യുഗം കാത്തിരിക്കേണ്ടി വരുമെന്നും യോഗ്‌രാജ് തുറന്നടിച്ചു.


അച്ചടക്കമില്ലായ്മയ്ക്ക് വിമർശനം


ക്രിക്കറ്റ് താരങ്ങൾ അച്ചടക്കത്തോടെ പ്രവർത്തിക്കേണ്ടവരാണെന്നും എന്നാൽ ഇന്നത്തെ താരങ്ങൾ പാർട്ടികൾക്കും പണത്തിനും പരസ്യ ചിത്രീകരണങ്ങൾക്കും പിന്നാലെയാണെന്നും യോഗ്‌രാജ് കുറ്റപ്പെടുത്തി. "എനിക്ക് അഭിഷേകിനോട് വലിയ അറപ്പ് തോന്നുന്നു. കളി നിസ്സാരമായി കാണരുത് എന്ന് ഞാൻ അവന് സന്ദേശങ്ങൾ അയക്കാറുണ്ട്. എപ്പോഴും സിക്സറുകൾ അടിച്ചുകൊണ്ടിരിക്കാൻ കഴിയില്ല. സിംഗിൾ, ഡബിൾ റണ്ണുകൾ എടുക്കുന്നതിലും പ്രതിരോധം തീർക്കുന്നതിലും ശ്രദ്ധിക്കണം. കാണികളെ രസിപ്പിക്കാൻ മാത്രം കളിച്ചാൽ പരാജയപ്പെടും" – യോഗ്‌രാജ് പറഞ്ഞു. ട്വന്റി 20 ലോകകപ്പിലെ എട്ട് മത്സരങ്ങളിൽ നിന്ന് 141 റൺസ് നേടിയെങ്കിലും മൂന്ന് തവണ പൂജ്യത്തിന് പുറത്തായ അഭിഷേകിന്റെ പ്രകടനത്തെ മുൻനിർത്തിയായിരുന്നു ഈ പരാമർശം.


ഗില്ലിനും വിമർശനം


ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനെയും യോഗ്‌രാജ് സിങ് വെറുതെ വിട്ടില്ല. ഗില്ലിന്റെയും അഭിഷേകിന്റെയും ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് വഴിതിരിയുന്നതാണ് അവരുടെ പരാജയത്തിന് കാരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. "സമൂഹമാധ്യമങ്ങളിൽ റീൽസ് ചെയ്ത് നടക്കുക എന്നതല്ല ഒരു ക്രിക്കറ്റ് താരത്തിന്റെ ജോലി. രാത്രി 9 മണിക്ക് ഉറങ്ങാൻ പോകുകയും രാവിലെ 5 മണിക്ക് എഴുന്നേറ്റ് ആയിരം പന്തുകൾ നേരിടുകയും വേണം. മനസ്സ് വഴിതിരിച്ചുവിടപ്പെടുമ്പോഴാണ് പരാജയം സംഭവിക്കുന്നത്" യോഗ്‌രാജ് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home