വനിതാ പ്രീമിയർ ലീഗ് 2027; ഏറ്റവും കൂടുതൽ താരങ്ങളെ സ്വന്തമാക്കി യുപി വാരിയേഴ്സ്

photo: Getty Images
കൊച്ചി : വനിതാ പ്രീമിയർ ലീഗ് 2027 സീസണിന് മുന്നോടിയായുള്ള താരലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ സ്വന്തമാക്കി യുപി വാരിയേഴ്സ്. എട്ട് താരങ്ങളെയാണ് ടീം ലേലത്തിലൂടെ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ സോഫി മോളിന്യൂക്സാണ് ഇത്തവണ ലേലത്തിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയത്.
സോഫിയെ 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കിയ യുപി, മലയാളി താരം ആശ ശോഭന, ഗ്രേസ് ഹാരിസ്, സ്നേഹ് റാണ, സുഷമ വർമ, കാതറിൻ ബ്രൈസ്, മനാലി ദക്ഷിണി, സഹന പവാർ എന്നിവരെയും ടീമിലെത്തിച്ചു. ആശ ശോഭനയ്ക്ക് 30 ലക്ഷം രൂപയാണ്
ലഭിക്കുന്നത്. 50 ലക്ഷം രൂപയായിരുന്നു സോഫിയുടെ അടിസ്ഥാന വില.
ലേലത്തിന് മുൻപ് 3.75 കോടി രൂപയുമായി ഏറ്റവും കൂടുതൽ തുക ബാക്കിയുണ്ടായിരുന്ന ടീമാണ് യുപി വാരിയേഴ്സ്. ആറ് താരങ്ങളെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസാണ് ലേലത്തിൽ രണ്ടാമത്. ശ്വേത സെഹ്‌റാവത്തിനെ 20 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച മുംബൈ, സാനിക ചൽക്കെ, ലതിക ഇനാംദാർ, ദിഷ കാസത്ത്, അക്ഷിത ഭഗത്, ഭാരതി റാവൽ എന്നിവരെ പത്തുലക്ഷം രൂപ വീതം നൽകിയും സ്വന്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നാല് താരങ്ങളെയാണ് സ്വന്തമാക്കിയത്. ജെസ് ജോനാസനെ 40 ലക്ഷം രൂപയ്ക്കും തേജൽ ഹസബ്നിസിനെയും ക്ലോയ് ട്രയോണിനെയും 30 ലക്ഷം രൂപ വീതം നൽകിയും ആർസിബി ടീമിലെത്തിച്ചു. വൃന്ദ ദിനേശിനെ പത്തുലക്ഷം രൂപയ്ക്കും സ്വന്തമാക്കി.
ഡൽഹി ക്യാപിറ്റൽസും നാല് താരങ്ങളെ ടീമിലെത്തിച്ചു. കിരൺ നാഗ്‌വിരെയെ 75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ഡൽഹി, കിർസ്റ്റി ഗോർഡൻ, ഉമ കശ്വി, നസ്മ ഖാൻ എന്നിവരെ പത്തുലക്ഷം രൂപ വീതം നൽകി ടീമിലെത്തിച്ചു.
മൂന്ന് താരങ്ങളെയാണ് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത്. ജി കമാലിനിയെ 40 ലക്ഷം രൂപയ്ക്കും അയർലൻഡ് ഓൾറൗണ്ടർ ഓർല പ്രെൻഡർഗാസ്റ്റിനെ 30 ലക്ഷം രൂപയ്ക്കും ടീമിലെത്തിച്ചു. സമൈറ രാഘവിനെ പത്തുലക്ഷം രൂപയ്ക്കും സ്വന്തമാക്കി.
കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന താരലേലത്തിൽ 146 താരങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നേതൃത്വത്തിലാണ് ലേലം നടന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജാണ് ഡബ്ല്യുപിഎൽ ചെയർമാൻ. അഞ്ച് ടീമുകൾക്കായി 27 ഒഴിവുകളാണ് നികത്തേണ്ടിയിരുന്നത്. ഇതിൽ 20 സ്ഥാനങ്ങൾ ഇന്ത്യൻ താരങ്ങൾക്കായി നീക്കിവച്ചിരുന്നു. 2027 ജനുവരി 14 മുതൽ ഫെബ്രുവരി ഏഴ് വരെയാണ് അഞ്ചാം ഡബ്ല്യുപിഎൽ സീസൺ നടക്കുക.









0 comments