ജാമിയ മിലിയ സർവകലാശാല ജനുവരി 12 വരെ പൂട്ടി; പരീക്ഷകളടക്കം ഓൺലൈനിൽ

ന്യൂഡൽഹി : ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥി വിരുദ്ധ നടപടികൾ തുടർന്ന് അധികൃതർ. കാമ്പസിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല ജനുവരി 12 വരേക്ക് പൂട്ടി. നിലവിൽ നവംബർ എട്ടുവരെ പ്രഖ്യാപിച്ച ഓൺലൈൻ ക്ലാസ് നവംബർ 24 വരെ നീളും. പരീക്ഷ ഉൾപ്പെടെ ഓൺലൈൻ രീതിയിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. നവംബർ 25 മുതൽ 30 വരെ പ്രാക്ടിക്കൽ പരീക്ഷ, ഫീൽഡ് വർക്ക്, വൈവ, പ്രൊജക്ട് എന്നിവ നടക്കും. സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെടുത്തതെന്നാണ് സർവകലാശാലയുടെ ന്യായീകരണം.
ഡിസംബർ ഒന്നുമുതൽ 24 വരെയാണ് സെമസ്റ്റർ പരീക്ഷ. ഇതിനു ശേഷമുള്ള ക്രിസ്തുമസ് അവധിയും കഴിഞ്ഞ് ജനുവരി 13നേ സർവകലാശാല തുറക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സർവകലാശാലയിൽ നേരിട്ടുള്ള ക്ലാസുകളാണോ ഓൺലൈൻ ക്ലാസുകളാണോ ജനുവരി 12ന് ശേഷം തുടരുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ജാമിയ മിലിയ ഇസ്ലാമിയ സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎംഐഎസ്‌യു) പുനഃസ്ഥാപിക്കണമെന്നും, തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 12നാണ് വിദ്യാർഥി പ്രതിഷേധം ആരംഭിച്ചത്. 2006ൽ ജാമിയ മിലിയ യൂണിയൻ പിരിച്ചുവിട്ടതിനുശേഷം ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
യൂണിയൻ തെരഞ്ഞെടപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലെ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധം ശക്തമായത്. അതേസമയം, വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്തുന്ന മാനേജ്മെന്റ് നടപടികളുടെ ഭാഗമാണ് ഈ പുതിയ നീക്കം. നേരത്തെ പ്രധാന ഗേറ്റുകളും ലൈബ്രറിയും അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയത്.
ജാമിയയിൽ അധ്യാപകരെയും അനധ്യാപകരെയും പൊലീസിനെയും കൂട്ടുപിടിച്ച് വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. വിസിയുടെയും രജിസ്ട്രാറുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കാമ്പസിലെ ചുവരെഴുത്തുകൾ മായ്ക്കാൻ ഈ യോഗത്തിൽ തീരുമാനിച്ചിരുന്നു. യോഗത്തിന് ശേഷം ഗാലിബ് പ്രതിമയ്ക്ക് സമീപത്തെ സമരപ്പന്തൽ ഒഴിയണമെന്നും വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കും വരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ.









0 comments