Deshabhimani

പിഎൻബി ഗ്രേറ്റ് നോയിഡ ശാഖയിൽ കോടികളുടെ തട്ടിപ്പ്; കർഷകരുടെ സ്ഥിരനിക്ഷേപവും സമ്പാദ്യവും നഷ്ടമായി

PNB Fraud.
വെബ് ഡെസ്ക്

Published on Oct 28, 2026, 10:46 PM | 1 min read

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഗ്രേറ്റർ നോയിഡയിലെ ശാഖയിൽ ഉപഭോക്താക്കളുടെ എഫ്ഡിയും സേവിങ്സ് അക്കൗണ്ടുകളിലെ പണവും അനധികൃതമായി കൈമാറ്റം ചെയ്തതായി പരാതി. 16 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ബാങ്ക് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.


ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഐച്ചർ ഗ്രാമത്തിലുള്ള പിഎൻബിയുടെ സെക്ടർ പൈ-1 ശാഖയിലാണ് സംഭവം. ജേവർ വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനെത്തുടർന്ന് സർക്കാർ നഷ്ടപരിഹാരം ലഭിച്ച നിരവധി സാധാരണക്കാർ ഈ ബാങ്കിലാണ് പണം നിക്ഷേപിച്ചിരുന്നത്. എഫ്ഡി പുതുക്കാനെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് പലരും തിരിച്ചറിഞ്ഞത്.


ബിരൗണ്ടി ഗ്രാമവാസിയായ 78കാരനായ ശ്രീചന്ദ് കഴിഞ്ഞവർഷം 1.16 കോടി രൂപ സ്ഥിരനിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ചൊവ്വാഴ്ച നിക്ഷേപം പുതുക്കാനെത്തിയപ്പോഴാണ് പണം അക്കൗണ്ടിലില്ലെന്ന് തിരിച്ചറിഞ്ഞത്. ബാങ്ക് ജീവനക്കാരോട് പലതവണ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും പണം കാണാനില്ലെന്ന നിസാരമായ മറുപടിയാണ് ലഭിച്ചത്.


ബാങ്കിലെ മറ്റ് ഉപഭോക്താക്കളും സമാനമായ പരാതികളുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സ്ഥിരനിക്ഷേപങ്ങൾ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് പിൻവലിക്കുകയും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്താതായണ് ബാങ്ക് രേഖകളിലുള്ളത്. ചിലരുടെ സേവിങ്സ് അക്കൗണ്ടുകളിലെ പണവും കാണാതായിട്ടുണ്ട്.


അതേസമയം, പണം നഷ്ടപ്പെട്ടവർ രണ്ടു ദിവസമായി ബാങ്ക് ശാഖയ്ക്കു മുന്നിൽ പ്രതിഷേധിക്കുകയാണ്. കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം തിരിച്ചുകിട്ടണമെന്നും, ഈ വൻ തട്ടിപ്പിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഈ സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ പങ്ക്, പണം കൈമാറ്റം ചെയ്ത രീതി, സാമ്പത്തിക ക്രമക്കേട് എന്നിവ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. പണം നഷ്ടപ്പെട്ടെന്ന പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home