Deshabhimani

യെമനിൽ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 14 പേർ കൊല്ലപ്പെട്ടു

missile
വെബ് ഡെസ്ക്

Published on Oct 28, 2026, 11:00 PM | 1 min read

സനാ : യെമനില്‍ സര്‍ക്കാര്‍ സേനയും ഹൂതികളും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ഹൂതി കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനിടെ വടക്കുപടിഞ്ഞാറന്‍ ജൗഫിലെ മാര്‍ക്കറ്റിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 14 പേര്‍ കൊല്ലപ്പെട്ടു. ഏദന്‍ അന്താരാഷ്ട്ര വിമാനത്താവള പരിസരത്തും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ പതിച്ചു. ഇതോടെ വ്യോമ​ഗതാ​ഗതം നിർത്തിവച്ചതായി സൗദി അറിയിച്ചു.


ചെങ്കടലിലെ തന്ത്രപ്രധാന മേഖലയായ ബാബ് അല്‍-മന്ദേബ് കടലിടുക്കിന് സമീപം സൗദി സഖ്യസേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. നേരത്തെ ബാബ് അൽ-മന്ദേബ് പിടിച്ചെടുത്തതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതികൾ വീണ്ടും ആക്രമണം തുടരുകയാണ്. സൗദിയിൽ പ്രധാന എണ്ണ കയറ്റുമതികേന്ദ്രമായ റാസ് തനൂറയിലേക്ക് ഹൂതി മിസൈലാക്രമണം നടത്തിയിട്ടുണ്ട്.


അതേസമയം, ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും സൗദി പ്രതിരോധസേന തകര്‍ത്തു. റിയാദില്‍ ഉള്‍പ്പെടെ മിസൈൽ അവശിഷ്ടങ്ങള്‍ പതിച്ച് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നജ്‌റാന്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് സൈനിക വിമാനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ‌


യെമനിലെ തെക്കൻ നഗരമായ ഏദനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം നടത്തി. വിമാനത്താവളം ഒഴിയണമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. യെമനിലെ സർക്കാരിന്റെ ആസ്ഥാനകേന്ദ്രമാണ് ഏദൻ ന​ഗരം. സൗദി സൈനിക കാർഗോ വിമാനം ആയുധങ്ങളുമായി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതെന്ന് ഹൂതി വക്താവ് യഹ്യ സരീ എക്സിലൂടെ അറിയിച്ചു. സൗദിയിലെ സംഘര്‍ഷവും വ്യോമാക്രമണ ഭീഷണികളും കണക്കിലെടുത്ത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി നീട്ടിയതായി ഇന്ത്യന്‍ വിമാനക്കമ്പനികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home