Deshabhimani

ആന്ധ്രയിൽ നാശം വിതച്ച് അർണബ്; 6 മരണം, ജാഗ്രതയിൽ സംസ്ഥാനങ്ങൾ

Cyclone Arnab
വെബ് ഡെസ്ക്

Published on Oct 28, 2026, 10:13 PM | 1 min read

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് തീവ്രചുഴലിക്കാറ്റായി മാറിയ അർണബ് ആന്ധ്രാപ്രദേശിലെ യാനം തീരത്തുകൂടി നർസപുരത്തിനുസമീപം കരതൊട്ടു. ബുധൻ രാവിലെ മണിക്കൂറിൽ 150 കിലോമീറ്റർവരെ വേഗത്തിൽ ആഞ്ഞടിച്ച ചുഴലി വ്യാപക ആന്ധ്രയുടെ വിവിധ മേഖലകളിൽ നാശംവിതച്ചു.


നിരവധി വൈദ്യുതി പോസ്റ്റുകളും ആയിരക്കണക്കിന് മരങ്ങളും കടപുഴകി. കനത്ത മഴയും തുടർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. 80,000 ഹെക്ടറിലെ കൃഷി നശിച്ചു. വൈദ്യുത കമ്പിയിൽനിന്ന്‌ ഷോക്കേറ്റ് മൂന്നുപേരും മരംവീണ്‌ ഒരാളും വാഹനത്തിനുമുകളിൽ മതിലിടിഞ്ഞുവീണ്‌ ഒരാളും വീട്‌ തകർന്ന്‌ ഒരാളും മരിച്ചു. അർണബിന്റെ വേഗം കുറ‍ഞ്ഞെങ്കിലും ജാഗ്രത തുടരുന്നു.


ആന്ധ്രയിൽ 57,000 പേരെ ക്യാമ്പുകളിലേക്ക്‌ മാറ്റി. 180 വീടുകൾ നശിച്ചു. തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിശാഖപട്ടണം വിമാനത്താവളത്തിൽ 38 സർവീസ് റദ്ദാക്കി.


ഒഡിഷ, തെലങ്കാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ബിഹാർ, സിക്കിം, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവം അനുഭവപ്പെടുന്നു. ഒഡിഷയിൽ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മുപ്പതിനായിരത്തോളംപേരെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെത്തുടർന്ന് ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.


കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യോമ, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ​അർണബ് ചുഴലിക്കാറ്റിൽ ആന്ധ്രയിലെ 11 ജില്ലകളിലെ 25 ലക്ഷം കണക്‌ഷനുകൾ താറുമാറായി. ആറായിരത്തിലധികം വൈദ്യുതി പോസ്റ്റുകളും നാനൂറോളം ട്രാൻസ്ഫോർമറുകളും തകർന്നു. നാനൂറിലധികം സബ്സ്റ്റേഷനുകൾ സ്തംഭിച്ചു. വൈദ്യുതി മേഖലയിൽമാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ​

​

പുരി തീരത്ത് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു​


ചുഴലിക്കാറ്റിന്റെ ചിത്രങ്ങൾ പകർത്താൻ ഒഡിഷയിലെ പുരി തീരത്ത്‌ തടിച്ചുകൂടിയ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. പൊലീസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തിയാണ് സഞ്ചാരികൾ തീരത്ത്‌ നിലയുറപ്പിച്ചത്‌. ആളുകളെ പൂർണമായി ഒഴിപ്പിക്കാൻ വൻ പൊലീസ്‌ സന്നാഹം രംഗത്തിറങ്ങേണ്ടിവന്നു. തീരത്ത് കനത്ത മഴയും അതിശക്തമായ കാറ്റും തുടരുകയാണ്‌.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home