വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: മുംബൈയെ തകർത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ ഏഴ് വിക്കറ്റിന് തകർത്ത് കേരളം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 19 ഓവറിൽ 87 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 21 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. സ്കോർ: മുംബൈ 87, കേരളം 91/3 (16.3).
മത്സരത്തിൽ ആദ്യ റൺ കൂട്ടിചേർക്കും മുമ്പ് തന്നെ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഇറാ ജാധവും (21) ധ്രുവി ത്രിവേദിയും (24) ചേർന്ന് നേടിയ 41 റൺസാണ് മുംബൈയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്. ഇരുവരും മടങ്ങിയതോടെ മുംബൈയുടെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായി. പിന്നീട് ഒരാൾ മാത്രമാണ് രണ്ടക്കം കടന്നത്. ഇതോടെ 87 റൺസിന് മുംബൈ ഇന്നിങ്സ് അവസാനിച്ചു. കേരളത്തിന് വേണ്ടി ആര്യനന്ദയും ഇഷിതയും മൂന്ന് വിക്കറ്റ് വീതവും അനുഷ്ക രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ ശ്രേയ സിജുവും (33) അമീറ ബിഗവും (28) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇവരുവരും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് ആര്യനന്ദയും (9) വി ജെ ശീതളും (6) ചേർന്ന് കേരളത്തെ അനായാസം വിജയത്തിലെത്തിച്ചു. മുംബൈയ്ക്ക് വേണ്ടി സ്വര ജാധവ് രണ്ട് വിക്കറ്റ് വീഴ്ത്തി.









0 comments