കോഴിക്കോട് കോന്നാട് ബീച്ചിൽ അർധരാത്രി പടക്കം പൊട്ടിച്ച് ആഘോഷം; 5 പേർക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് കോന്നാട് ബീച്ചിൽ അർധരാത്രി പടക്കം പൊട്ടിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തിൽ പൊലീസ് വീണ്ടും കേസെടുത്തു. ഇത്തവണ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. രാത്രി 12 മണി മുതൽ 2 മണി വരെയായിരുന്നു യുവാക്കൾ നിർത്താതെ പടക്കം പൊട്ടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ബീച്ചിൽ പടക്കം പൊട്ടിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അർധരാത്രി പടക്കം പൊട്ടിച്ചുള്ള ആഘോഷം ബുദ്ധുമുട്ടുണ്ടാക്കുന്നുവെന്ന് പ്രദേശവാസികളിൽ നിന്നും പരാതി ഉയർന്നിരുന്നു.
പുറത്തുനിന്നുള്ള ഒരു കൂട്ടം യുവാക്കളാണ് ബീച്ചിൽ എത്തുന്നതെന്നും മിനി വെടിക്കെട്ട് നടത്തുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. പലതവണ ആവർത്തിച്ചിട്ടും പടക്കം പൊട്ടിക്കുന്നത് തുടരുകയാണെന്നും ചൂണ്ടിക്കാണിച്ച് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. പരാതികൾ രൂക്ഷമായതോടെ സ്ഥലത്ത് മുന്നറിയിപ്പ് ബാനറും പൊലീസ് സ്ഥാപിച്ചു. എന്നാൽ അവയൊന്നും മുഖവിലയ്ക്കെടുക്കാതെയായിരുന്നു യുവാക്കളുടെ ആഘോഷം. വരും ദിവസങ്ങളിൽ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.








0 comments