ad
Deshabhimani

വനിതാ ഏഷ്യാ കപ്പിന് നാളെ തുടക്കം: ഇന്ത്യ–പാക് മത്സരം സെപ്തംബർ 5 ന്

w asia cup cricket
വെബ് ഡെസ്ക്

Published on Aug 27, 2026, 10:41 AM | 2 min read

ദുബായ്: വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ, ടൂർണമെന്റിലെ റെക്കോർഡ് ജേതാക്കളായ ഇന്ത്യ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണ്. ആഗസ്ത് 28 മുതൽ സെപ്തംബർ 13 വരെയാണ് ടൂർണമെന്റ്. ആദ്യമായാണ് വനിതാ ഏഷ്യാ കപ്പിന് ദുബായ് വേദിയാകുന്നത്.


രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ


എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, ഹോങ്കോങ് ചൈന, തായ്‌ലൻഡ് എന്നിവരും ഗ്രൂപ്പ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, ഇന്തോനേഷ്യ എന്നിവരുമാണ്. ഓരോ ടീമും സ്വന്തം ഗ്രൂപ്പിലെ മറ്റ് ടീമുകളുമായി ഓരോ മത്സരം വീതം കളിക്കും. ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും.


നാളെ ടൂർണമെന്റിന് തുടക്കം


ഹോങ്കോങ് ചൈനയും- തായ്‌ലൻഡും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ആഗസ്ത് 29 ന് ശ്രീലങ്ക യുഎഇയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ആഗസ്ത് 30 ന് തായ്‌ലൻഡിനെതിരെയാണ്. തുടർന്ന് ഹോങ്കോങ് ചൈനയെയും പാകിസ്ഥാനെയും ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ–പാകിസ്ഥാൻ ആവേശപ്പോരാട്ടം സെപ്തംബർ 5ന് നടക്കും.


കിരീടപ്പോരിൽ ഇന്ത്യയും ശ്രീലങ്കയും


ഏഷ്യാ കപ്പിൽ ഇന്ത്യയാണ് ഏറ്റവും വിജയകരമായ ടീം. ട്വന്റി 20 ഫോർമാറ്റിൽ നടന്ന അഞ്ച് പതിപ്പുകളിൽ മൂന്ന് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. 2018 ൽ ബംഗ്ലാദേശിനോടും 2024 ൽ ശ്രീലങ്കയോടുമാണ് ഇന്ത്യ ഫൈനലിലാണ് പരാജയപ്പെട്ടത്. 2024 ലെ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ശ്രീലങ്ക ആദ്യ വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. ഇത്തവണ കിരീടം നിലനിർത്താനാണ് ശ്രീലങ്കയുടെ ശ്രമം.


ഇന്ത്യ ഫേവറിറ്റുകൾ, പക്ഷേ ഫോം ആശങ്ക


ടൂർണമെന്റിൽ ഇന്ത്യയെ ഫേവറിറ്റുകളായാണ് കണക്കാക്കുന്നത്. എന്നാൽ സമീപകാല ട്വന്റി 20 പ്രകടനം ടീമിന് ആശങ്ക നൽകുന്നതാണ്. ഈ വർഷം കളിച്ച 16 ട്വന്റി 20 മത്സരങ്ങളിൽ ഒമ്പതിലും ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. മറുവശത്ത് ശ്രീലങ്ക മികച്ച ഫോമിലാണ്. ഈ വർഷം 10 വിജയങ്ങളും മൂന്ന് തോൽവികളുമാണ് അവരുടെ റെക്കോർഡ്. വെസ്റ്റ് ഇൻഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയും പാകിസ്ഥാനെതിരെയും ശ്രീലങ്ക പരമ്പര വിജയിച്ചിട്ടുണ്ട്.


ടീം ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ്മ, ഭാരതി ഫുൽമാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി കമലിനി (വിക്കറ്റ് കീപ്പർ), അരുന്ധതി റെഡ്ഡി, പ്രേമ റാവത്ത്, രാധ യാദവ്, ശ്രീ ചരാണി, രേണുക താക്കൂർ, നന്ദിനി ശർമ്മ, ക്രാന്തി ഗൗഡ്, പ്രതിക റാവൽ.


ഇന്ത്യ–പാകിസ്ഥാൻ പോരാട്ടത്തിന് കാത്തിരിപ്പ്


ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം സെപ്തംബർ 5ലെ ഇന്ത്യ–പാകിസ്ഥാൻ പോരാട്ടം തന്നെയാണ്. ഇരു ടീമുകളും തമ്മിലുള്ള 17 ട്വന്റി 20 രാജ്യാന്തര മത്സരങ്ങളിൽ 14ലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. അതേസമയം, പാകിസ്ഥാൻ അടുത്തിടെ വെസ്റ്റ് ഇൻഡീസിനോടും ശ്രീലങ്കയോടും പരമ്പര തോറ്റ സാഹചര്യത്തിലാണ് ഏഷ്യാ കപ്പിനെത്തുന്നത്.


അസോസിയേറ്റ് ടീമുകൾക്കും വലിയ വേദി


ഹോങ്കോങ്, തായ്‌ലൻഡ്, യുഎഇ, ഇന്തോനേഷ്യ എന്നീ നാല് അസോസിയേറ്റ് ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. 2026 വനിതാ പ്രീമിയർ കപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇവർ യോഗ്യത നേടിയത്. ഇന്തോനേഷ്യയുടെ ആദ്യ ഏഷ്യാ കപ്പ് സാന്നിധ്യമാണിത്, ഹോങ്കോങ് 2012 ന് ശേഷം ആദ്യമായാണ് ടൂർണമെന്റിൽ തിരിച്ചെത്തുന്നത്.


സെപ്തംബർ 13 ന് ഫൈനൽ


ഗ്രൂപ്പ് മത്സരങ്ങൾ സെപ്തംബർ 8ന് പൂർത്തിയാകും. സെപ്തംബർ 10, 11 തീയതികളിലാണ് സെമിഫൈനലുകൾ, ഫൈനൽ സെപ്തംബർ 13ന് നടക്കും. ടൂർണമെന്റിലെ 15 മത്സരങ്ങൾക്കും ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.


എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് ആരംഭിക്കുന്നത്. വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. മത്സരങ്ങൾ ഓൺലൈനായി സോണിലിവ് ആപ്പിലും തത്സമയം കാണാം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home