നേപ്പാൾ മിന്നൽ പ്രളയം: 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നു; എല്ലാവരും സുരക്ഷിതരെന്ന് നോർക്ക

നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവർ നിലവിൽ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തമേഖലയിൽ നെറ്റ്‌വർക്ക് സംവിധാനങ്ങൾ പൂർണമായി തകരാറിലായതിനാൽ കുടുങ്ങിക്കിടക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളാണ് നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയത്. കുടുങ്ങിക്കിടക്കുന്ന 53 മലയാളികളുടെയും കൃത്യമായ ലൊക്കേഷൻ കണ്ടെത്താനുള്ള തീവ്രശ്രമം നോർക്കയുടെയും എംബസിയുടെയും നേതൃത്വത്തിൽ നടന്നു വരികയാണ്.
ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 53 പേരും സുരക്ഷിതരാണെന്നാണ് സൂചന. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായുള്ള നടപടികൾ ഏകോപിപ്പിച്ചു വരികയാണ്.
അതേസമയം മിന്നൽ പ്രളയത്തിൽ അകപ്പെട്ട ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തവരിൽ 300 ഇന്ത്യക്കാരും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അറിയിച്ചു. ആയിര കണക്കിന് ആളുകളുടെ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. മൂന്ന് ജില്ലകളിലാണ് പ്രധാനമായും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത്. റസുവ മേഖലയിൽ മാത്രം ആയിരത്തിലധികം ആളുകളെ കുറിച്ച് വിവരമില്ല.









0 comments