നേപ്പാളിൽ വീണ്ടും പ്രളയഭീഷണി: മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഏജൻസി

Image Courtesy : PTI
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നീ എട്ട് രാജ്യങ്ങൾക്ക് സേവനം നൽകുന്ന കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർഗവൺമെന്റൽ ഓർഗനൈസേഷനായ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ഐസിഐഎംഒഡി) ആണ് നേപ്പാളിൽ വീണ്ടും പ്രളയത്തിനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നേപ്പാൾ-ചൈന അതിർത്തിക്ക് സമീപം നദിയിലുണ്ടായ തടസ്സം ഇതുവരെ മാറിയിട്ടില്ലെന്നും ഇത് രണ്ടാമതൊരു വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
അതിർത്തി പ്രദേശത്ത് നദി തടസ്സപ്പെട്ടിരിക്കുന്നതിനാൽ അടുത്ത പ്രളയം ഉടൻ ഉണ്ടായേക്കാമെന്ന് ഐസിഐഎംഒഡിയിലെ കാലാവസ്ഥാ വിഭാഗം മേധാവി ചിയാങ്ഗോങ് ഴാങ് മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി ചൈനയിലെ ജിലോങ് പോർട്ട് മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. നുവാകോട്ട്, ധാഡിങ് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്.
കഴിഞ്ഞ വർഷം രസൂവയിൽ നാശം വിതച്ച അതേ മേഖലയിലാണ് വീണ്ടും പ്രളയമുണ്ടായിരിക്കുന്നത്. 14 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ലെൻഡെ ഖോല നദീതടത്തിൽ പ്രളയം ഉണ്ടാകുന്നത്. ആഗസ്റ്റ് 26ന് രാവിലെയാണ് ഭോട്ടേ കോസി നദിയിൽ പ്രളയമുണ്ടായത്. ഉയർന്ന മലനിരകളിൽ നിന്ന് വൻതോതിൽ മഞ്ഞും പാറക്കല്ലുകളും ലെൻഡെ ഖോലയിലേക്ക് പതിച്ചതാണ് പ്രളയത്തിന് വഴിവെച്ചത്.
ഹിമാലയൻ മേഖലയിൽ ഇത്തരം ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അതിർത്തി കടന്നുള്ള പ്രകൃതിദുരന്തങ്ങളെ ചെറുക്കാൻ ഇന്ത്യ, നേപ്പാൾ, ചൈന തുടങ്ങിയ അയൽരാജ്യങ്ങൾ തമ്മിൽ സംയുക്ത സഹകരണം ആവശ്യമാണെന്ന് ഐസിഐഎംഒഡി മുതിർന്ന വിദഗ്ധർ വ്യക്തമാക്കി.









0 comments