ഭയന്നില്ല, ധീരനായി സംസാരിച്ചു; പട്ന വിദ്യാർഥി പ്രതിഷേധത്തിൽ രാജ്യശ്രദ്ധ നേടി ആറുവയസുകാരൻ

പാട്ന: ബിഹാറിലെ 'ജെൻ ആൽഫ' പ്രതിഷേധക്കാരൻ രാജ്യശ്രദ്ധ പിടിച്ചു പറ്റി. ബിഹാർ പബ്ലിക് സർവീസ് കമീഷന്‍റെ (ബിപിഎസ്‍സി) പരീക്ഷാ ക്രമക്കേടുകളും നിയമനത്തിലെ കാലതാമസവും ചൂണ്ടിക്കാട്ടി പട്നയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്താണ് ആറുവയസുകാരൻ ആദിത്യ കുമാർ താരമായി മാറിയത്. സധ്യൈര്യം പൊലീസിനോടും മാധ്യമങ്ങളോടും സംസാരിച്ച ഒന്നാം ക്ലാസുകാരൻ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി.
പട്നയിലെ ഡാക് ബംഗ്ലാവ് ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ മാതാപിതാക്കൾക്കൊപ്പമാണ് ആദിത്യ പങ്കെടുത്തത്. സമരവേദിയിൽ മൈക്കിലൂടെ തൊഴിലില്ലായ്മയെ കുറിച്ചും സർക്കാരിന്റെ നയങ്ങൾക്കെതിരെയുമാണ് ആദിത്യ സംസാരിച്ചത്. 'അഴിമതി നിറഞ്ഞ ഭരണം തുടച്ചുനീക്കാനാണ് വന്നത്. താൻ വളർന്നു വരുമ്പോൾ വിദ്യാഭ്യാസ മേഖലയെ അഴിമതി രഹിതമാകാനാണ് ഇപ്പോൾ സംസാരിക്കുന്നത്. പൊലീസ് ലാത്തി വീശിയാൽ, ഞാൻ മുൻനിരയിലുണ്ടാകും. നമ്മെയെല്ലാം അറസ്റ്റ് ചെയ്താൽ, സന്തോഷത്തോടെ ഞാനും ജയിലിലേക്ക് പോകും'- എന്ന ആതിദ്യയുടെ പ്രസംഗം രാജ്യമൊട്ടാകെ ഏറ്റെടുത്തു. പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ഇതിനിടെ കുട്ടിയെ പൊലീസ് കസ്റ്റഡിയെടുത്തത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചു. മുദ്രാവാക്യം വിളിച്ചതിൻറെ പേരിൽ ചെറിയ കുട്ടിയെപോലും പൊലീസ് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. ഒരു പോസ്റ്റർ പിടിച്ചതിന്റെ പേരിൽ മാത്രം ആറുവയസുകാരനെ എന്തിനാണ് അവിടെനിന്ന് നീക്കം ചെയ്തതെതും സർക്കാരിന് ഒന്നാം ക്ലാസുകാരനെ പോലും പേടിയാണോ എന്നടക്കുമുള്ള ചോദിങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പോസ്റ്റിട്ടത്.
പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, കുട്ടിയുടെ സുരക്ഷ മുൻനിർത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും പിന്നീട് മാതാവിന് കൈമാറിയെന്നും പൊലീസ് പറയുന്നു.










0 comments