21കാരിയായ മോഡൽ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ; ജിം ട്രെയിനർക്കെതിരെ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: മോഡലും വിദ്യാർഥിനിയുമായ യുവതി വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ. വെസ്റ്റ് ഡൽഹിയിലെ തിലക് നഗറിൽ 21-കാരിയായ മുസ്കാനെയാണ് വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ജിം ട്രെയിനറായ ഇമ്രാനെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള വീടിനുള്ളിൽ മുസ്കാൻ ഒറ്റയ്ക്കുള്ളപ്പോഴാണ് ആക്രമണം നടന്നത്. മുസ്കാന്റെ അലർച്ച കേട്ടെത്തിയ അയൽക്കാരാണ് ചോരയിൽ കുളിച്ചുകിടന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃത്യത്തിന് ശേഷം കത്തി ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി ഇമ്രാനായി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിഷേക് ഗുപ്ത വ്യക്തമാക്കി.
ഇമ്രാൻ മുൻപും മുസ്കാനെ തുടർച്ചയായി ശല്യം ചെയ്തിരുന്നതായി കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. ഇതാണ് ഇയാൾക്കെതിരെ സംശയം ഉയരാൻ കാരണമായതെന്ന് മുസ്കാന്റെ സുഹൃത്ത് അമൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് സഹോദരിമാരിൽ ഇളയ പെൺകുട്ടിയാണ് കൊല്ലപ്പെട്ട മുസ്കാൻ.










0 comments