സഞ്ജു കളിക്കുമോ? ഗിൽ വൈസ് ക്യാപ്റ്റൻ ആയതുകൊണ്ട് മാത്രം ടീമിൽ നിർത്തേണ്ടെന്ന് ഇന്ത്യൻ താരം

മുംബൈ: ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ട്വന്റി20യിൽ വിജയവഴിയിൽ തിരിച്ചുവരാൻ ഇന്ത്യൻ ഒരുങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ അവസരം ലഭിക്കുമോയെന്ന ചർച്ചയും സജീവമായി തുടരുന്നു. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പകരം സഞ്ജു ടീമിൽ ഇടം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ ആയതിന്റെ പേരിൽ ടീമിൽ നിർത്തിയിട്ടു കാര്യമില്ലെന്നും ഓപ്പണറുടെ റോളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന താരത്തെ മാറ്റാൻ സമയമായെന്നും മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് തുറന്നടിച്ചു. സഞ്ജു സാംസൺ ടോപ് ക്ലാസ് പ്ലെയറാണ്. പക്ഷെ അദ്ദേഹത്തിന് ആവശ്യമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. അവസരം കിട്ടിയപ്പോൾ മൂന്ന് സെഞ്ചുറികൾ നേടി. ഗില്ലിന് വഴിയൊരുക്കാനാണ് ബിസിസിഐ ബാറ്റിങ് ക്രമത്തിൽ സഞ്ജുവിനെ താഴേക്കു തട്ടിയത്. പിന്നീട് ജിതേഷ് ശർമയെ വിക്കറ്റ് കീപ്പറാക്കിയപ്പോൾ സഞ്ജു പ്ലേയിങ് ഇലവനിൽനിന്നു പുറത്തായി. ഇത് മാറ്റങ്ങൾക്കു വേണ്ടിയുള്ള സമയമാണ്. നിങ്ങൾ യശസ്വി ജയ്സ്വാളിനെപ്പോലുള്ളവരെ ഒഴിവാക്കി. സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകാതെ ബെഞ്ചിലിരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം അഞ്ചു മത്സര പരമ്പര 1–1ന് ഒപ്പത്തിനൊപ്പമാണ്. അവസാന മത്സരത്തിൽ 51 റണ്ണിന് തോറ്റാണ് ഇന്ത്യ വരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയമായി. ട്വന്റി20യിൽ ഒന്നാം റാങ്കുകാരായ ഇന്ത്യയുടെ ഇൗ വർഷത്തെ മൂന്നാമത്തെ തോൽവിയായിരുന്നു. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും ബാറ്റിങ്ങിൽ തിളങ്ങാത്തത് വിനയായി. പരിശീലകൻ ഗൗതം ഗംഭീറിന്റെ പരീക്ഷണങ്ങളും തിരിച്ചടിയായി.ബൗളർമാരിൽ വരുൺ ചക്രവർത്തി മാത്രമാണ് സ്ഥിരത കാട്ടിയത്. ജസ്‌പ്രീത് ബുമ്ര നന്നായി റൺ വഴങ്ങി.










0 comments