Deshabhimani

149 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ അപൂർവ നേട്ടം; ട്രിപ്പിൾ സെഞ്ചുറിയും ഏഴ് വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ താരമായി വിയാൻ മൾഡർ

Wiaan Mulder

വിയാൻ മൾഡർ | Photo : Gettyimages

വെബ് ഡെസ്ക്

Published on Nov 26, 2026, 06:40 PM | 1 min read

സെഞ്ചൂറിയൻ : ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ആരും സ്വന്തമാക്കാത്ത അപൂർവ നേട്ടം കുറിച്ച് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വിയാൻ മൾഡർ. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയും ഏഴ് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് മൾഡർ സ്വന്തം പേരിലാക്കിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലാണ് താരത്തിന്റെ ചരിത്രപ്രകടനം.


2025 ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ പുറത്താകാതെ 367 റൺസ് നേടിയതോടെയാണ് മൾഡർ ട്രിപ്പിൾ സെഞ്ചുറി നേടിയത്. ഇപ്പോൾ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ അപൂർവ റെക്കോഡും താരത്തെ തേടിയെത്തി.


ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സിൽ 31 റൺസ് മാത്രം വഴങ്ങിയാണ് മൾഡർ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. 11 ഓവർ എറിഞ്ഞ താരം നാല് ബാറ്റർമാരെ ബൗൾഡാക്കിയാണ് പുറത്താക്കിയത്. ടെസ്റ്റ് കരിയറിലെ ആദ്യ ഏഴ് വിക്കറ്റ് നേട്ടം കൂടിയാണിത്. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിലും തിളങ്ങിയ മൾഡർ 178 പന്തിൽ 100 റൺസെടുത്തിരുന്നു.


ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 91 റൺസിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിങ്ങിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 494 റൺസെടുത്ത് ഡിക്ലയർ ചെയ്തു. 403 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്സിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്നിങ്സിനും 219 റൺസിനും വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 2–0ന് സ്വന്തമാക്കി. മത്സരത്തിലെ താരമായി മൾഡറിനെയും തെരഞ്ഞെടുത്തു.


സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ 367 റൺസുമായി ബാറ്റിങ് തുടരുന്നതിനിടെ മൾഡർ ഇന്നിങ്സ് ഡിക്ലയർ ചെയ്തത് നേരത്തേ വാർത്തയായിരുന്നു. ബ്രയാൻ ലാറയുടെ പുറത്താകാതെയുള്ള 400 റൺസിന്റെ റെക്കോഡ് മറികടക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടും താരം ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home