തിരുവനന്തപുരം മേഘവിസ്ഫോടനത്തിനരികിൽ; ഇന്നുമാത്രം പെയ്തത് 91 മില്ലിമീറ്റർ മഴ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് പെയ്തത് 91 മില്ലിമീറ്റർ മഴ. മേഘവിസ്ഫോടനത്തോടടുക്കുന്ന അളവിലുള്ള മഴയാണ് ജില്ലയിലാകെ പെയ്തത്. 100 മില്ലിമീറ്റർ മഴ ലഭിക്കുമ്പോഴാണ് മേഘവിസ്ഫോടനമുണ്ടാകുന്നത്.
പകൽ 12.15 മുതൽ ഒരു മണിക്കൂർ നേരം കിഴക്കേകോട്ടയിൽ മാത്രം 91.2 മില്ലിമീറ്റർ മഴ പെയ്തിട്ടുണ്ട്. എയർപോർട്ട് –53, കഴക്കൂട്ടം–32.6, കാട്ടായിക്കോണം–31.8, കാര്യവട്ടം–26.6, പള്ളിപ്പുറം–21.4, ബാലരാമപുരം–9.60, വെള്ളായണി–3.20, കാളിയൂർ–3 മില്ലിമീറ്റർ വീതം മഴ ലഭിച്ചു.
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ മിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലായി. തമ്പാനൂർ ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ തുടങ്ങി പ്രദേശത്തെ പല വീടുകളിലും കടകളിലും ഹോസ്റ്റലുകളിലും വെള്ളം കയറി.
വഞ്ചിയൂർ ജംഗ്ഷൻ, മാത്തുവിളാകം, കോടതി പുറകുവശം തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് മഴവെള്ളം കയറി ജനജീവിതം ദുസ്സഹമായത്. റോഡുകളിൽ വെള്ളം കെട്ടിനിന്നതോടെ വാഹനഗതാഗതം തടസ്സപ്പെടുകയും കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.
ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയവരും വിദ്യാർഥികളും വയോധികരും ഉൾപ്പെടെ നിരവധി പേരാണ് ദുരിതത്തിലായത്. ഓരോ മഴക്കാലത്തും ജനങ്ങൾ ദുരിതം അനുഭവിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട നഗരസഭാ അധികൃതരും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.








0 comments