ലാറയെ മറികടക്കാൻ 34 റൺസ് ബാക്കി; സ്വന്തം നേട്ടം വേണ്ടെന്ന് വച്ച് 367ൽ ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക ക്യാപ്‌റ്റൻ

ബുലവായോ (സിംബാബ്‌വെ): ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന ബ്രയാൻ ലാറയുടെ പേരിലുള്ള റെക്കോർഡ് തകർക്കാൻ 34 റൺസ് ബാക്കി നിൽക്കെ ഡിക്ലയർ വിളിച്ച് ദക്ഷിണാഫ്രിക്ക ക്യാപ്‌റ്റൻ വിയാന്‍ മള്‍ഡര്‍. ക്യാപ്‌റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ 367 റൺസെടുത്ത് പുറത്താകാതെ നിൽക്കുമ്പോഴാണ് തനിക്ക് നേടാവുന്ന സുവർണ നേട്ടത്തെ മറന്ന് മൾഡർ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. 334 പന്തില്‍ നിന്ന് നാല് സിക്‌സും 49 ഫോറും സ്‌കോർ ചെയ്താണ് മൾഡർ 367 റൺസ് സ്‌കോർ ചെയ്തത്.
സിംബാവ്‌വേക്കെതിരെ ബുലവായോയിലെ ക്വീന്‍സ് സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ വച്ച് നടന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലാണ് ക്യാപ്‌റ്റൻ മള്‍ഡറിന്റെ റെക്കോഡ് ഇന്നിങ്‌സ് പിറന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 297 പന്തില്‍ നിന്ന് 300 തികച്ച താരം ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2008-ല്‍ ചെന്നൈയില്‍ 278 പന്തില്‍ നിന്ന് 300 തികച്ച ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറിയെന്ന റെക്കോഡ്.
367ൽ ഡിക്ലയർ ചെയ്തെങ്കിലും ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം മള്‍ഡർ തന്റെ പേരിലാക്കി. ഇത് രണ്ടാം തവണയാണ് ഒരു ദക്ഷിണാഫ്രിക്കൻ താരം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്നത്. ഹാഷിം അംലയാണ് ദക്ഷിണാഫ്രിക്കൻ ജെഴ്‌സിയിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ആദ്യ താരം.
300 തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ കൂടിയാണ് മള്‍ഡര്‍. 61 വർഷം മാറാതെ നിന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ബോബ് സിംപ്‌സന്റെ റെക്കോഡാണ് മള്‍ഡര്‍ മാറ്റിയെഴുതിയത്. 27 വര്‍ഷവും 138 ദിവസവും പ്രായമുള്ളപ്പോഴാണ് മൾഡറിന്റെ ട്രിപ്പിള്‍ നേട്ടം.









0 comments