ad
Deshabhimani

"ഞാൻ അവസാനിപ്പിച്ചു"; ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സാധ്യതകൾ തള്ളി വിരാട് കോഹ്‌ലി

VIRAT KOHLI

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 22, 2026, 01:22 PM | 1 min read

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇനി താൻ മടങ്ങിയെത്തില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലി. താൻ ടെസ്റ്റ് ക്രിക്കറ്റ് പൂർണ്ണമായും അവസാനിപ്പിച്ചുവെന്ന് കോഹ്‌ലി ഒരിടവേളയ്ക്ക് ശേഷം വീണ്ടും വ്യക്തമാക്കി.


ഞായറാഴ്ച ഡൽഹിയിൽ നടന്ന, കോഹ്‌ലി സഹസ്ഥാപകനായ 'വൺ8' എന്ന സ്പോർട്സ്‌വെയർ ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചടങ്ങിൽ അവതാരകനും ഹാസ്യനടനുമായ ഡാനിഷ് സേത്, വൺ8 ബ്രാൻഡിന്റെ ഒരു ഷൂസിന് 9,230 രൂപയാണെന്നും ഇത് കോഹ്‌ലിയുടെ ടെസ്റ്റ് റൺസിന് (9,230 റൺസ്) തുല്യമാണെന്നും ചൂണ്ടിക്കാണിച്ചു.


ബ്രാൻഡിന്റെ ലാഭം കൂട്ടാനും കൂടുതൽ റൺസ് നേടാനുമായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ താല്പര്യമുണ്ടോ എന്ന ഡാനിഷിന്റെ ചോദ്യത്തിന്, "വില കുറച്ച് വിൽക്കാനാണ് എനിക്കിഷ്ടം, ഞാൻ അത് അവസാനിപ്പിച്ചു, നന്ദി" എന്ന് കോഹ്‌ലി തമാശരൂപേണ മറുപടി നൽകി.


കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ബാറ്റിംഗിലും നായകത്വത്തിലും ഒരേപോലെ തിളങ്ങിയ 14 വർഷം നീണ്ട തന്റെ ടെസ്റ്റ് കരിയറിനാണ് അദ്ദേഹം അന്ന് വിരാമമിട്ടത്.


തന്റെ കരിയറിലെ 123 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 46.85 ശരാശരിയിൽ 30 സെഞ്ച്വറികളും 31 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 9,230 റൺസ് കോഹ്‌ലി നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 254 റൺസാണ് ഉയർന്ന സ്കോർ.


സച്ചിൻ ടെണ്ടുൽക്കർ (15,921), രാഹുൽ ദ്രാവിഡ് (13,265), സുനിൽ ഗാവസ്കർ (10,122) എന്നിവർക്ക് പിന്നിൽ ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമാണ് കോഹ്‌ലി.


68 മത്സരങ്ങളിൽ നിന്ന് 40 വിജയങ്ങളുമായി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയ ശതമാനമുള്ള ടെസ്റ്റ് ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. പിന്നീട് ദ്വാരകയിൽ തടിച്ചുകൂടിയ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് ഡൽഹിയിൽ നിന്നുള്ള തന്റെ ക്രിക്കറ്റ് യാത്രയെ കോഹ്‌ലി അനുസ്മരിച്ചു.


"ഡൽഹിയിലാണ് എന്റെ എല്ലാ തുടക്കവും. ഞാൻ ജനിച്ചതും എന്റെ ക്രിക്കറ്റ് കരിയർ തുടങ്ങിയതും ഇവിടെയാണ്. ഇത്രയും വർഷങ്ങൾക്ക് ശേഷം എന്റെ സ്വന്തം ബ്രാൻഡ് ഇവിടെ ലോഞ്ച് ചെയ്യാൻ സാധിച്ചത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്," കോഹ്‌ലി കൂട്ടിച്ചേർത്തു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home