ad
Deshabhimani

14 വർഷത്തിനുശേഷം കളമൊഴിയുമ്പോൾ കിങ് കോഹ്‌ലി

വീരമുഴക്കം

virat kohli retirement

കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ പെർത്ത് ടെസ്റ്റിൽ അവസാന സെഞ്ചുറി നേടിയശേഷം

avatar
പ്രദീപ്‌ ഗോപാൽ

Published on May 13, 2025, 12:15 AM | 2 min read


വിരാട്‌ കോഹ്‌ലിക്ക്‌ മുൻ മാതൃകകളില്ല. പിന്തുടർച്ചയും. അവസാനിച്ചത്‌ ഇന്ത്യൻ ക്രിക്കറ്റിലെ ഇടിമുഴക്കം നിറഞ്ഞ അധ്യായമാണ്‌. നിശ്‌ചയദാർഢ്യവും ആത്മധൈര്യവും സാഹസികതയും ഒരുപോലെ കൂടിച്ചേർന്ന കളിജീവിതം. സച്ചിൻ ടെൻഡുൽക്കർക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റർ. ഒരുപക്ഷേ, സാംസ്‌കാരികമായി സച്ചിനേക്കാൾ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും കോഹ്‌ലി. ആധുനികതയുടെ നോട്ടവും ശീലവുമായിരുന്നു ഡൽഹിക്കാരന്‌. ഇന്ത്യൻ ക്രിക്കറ്റിൽ കോഹ്‌ലിയുണ്ടാക്കിയ സ്വാധീനവും വേറെത്തന്നെയാണ്‌. തുടക്കത്തിൽ മുതിർന്ന താരങ്ങളുടെ ‘ചീക്കു’ ആയിരുന്നു, പിന്നീടത് അവരുടെ ‘ചീക്കു ഭായ്’. 14 വർഷത്തിനുശേഷം കളമൊഴിയുമ്പോൾ ‘കിങ്‌ കോഹ്‌ലി’യായുള്ള മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു.


നേടിയ റണ്ണിന്റെ അടിസ്ഥാനത്തിൽമാത്രമല്ല, ഇന്ത്യയുടെ ക്രിക്കറ്റ്‌ മുഖത്തെതന്നെ മാറ്റിയ കളിക്കാരൻ എന്ന രീതിയിലാണ്‌ കോഹ്‌ലിയെ അടയാളപ്പെടുത്തുക. പ്രതീക്ഷകൾക്ക്‌ പുതിയ അർഥം പകർന്നു. പരമ്പരാഗത രീതികളെ വെല്ലുവിളിച്ചു. ഒരിഞ്ചുപോലും വിട്ടുകൊടുക്കാത്ത രീതി. കളമൊഴിയുമ്പോൾ കണക്കുകൾ സൃഷ്‌ടിച്ച ഇടംമാത്രമല്ല, കോഹ്‌ലിയുണ്ടാക്കിയ പ്രകമ്പനത്തിന്റെ മുഴക്കംകൂടിയാണ്‌ മാഞ്ഞുപോകുന്നത്‌.


virat kohli



വിദേശ മണ്ണിൽ പൊരുതുന്നതുപോലും വലിയ കാര്യമായി കണ്ടിരുന്ന കാലത്താണ്‌ ജയംമാത്രമാണ്‌ ലക്ഷ്യമെന്ന്‌ കോഹ്‌ലി പ്രഖ്യാപിച്ചത്‌. മുൻഗാമികൾ വരച്ചിട്ട പാതയിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നു അത്‌. സൗരവ്‌ ഗാംഗുലിയാണ്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്‌ നിർഭയമുഖം നൽകിയത്‌. ശേഷമെത്തിയ മഹേന്ദ്ര സിങ്‌ ധോണി ശാന്തമെങ്കിലും അസാമാന്യ നേതൃഗുണത്തോടെ ടീമിനെ നയിച്ചു. കോഹ്‌ലി ടീമിന്റെ തിരക്കഥ പാടേ തിരുത്തി. പുതിയത്‌ എഴുതിച്ചേർത്തു. അതിൽ പൊരുതുക എന്നല്ല ജയിക്കുക എന്ന വാക്കിന്‌ അടിവരയിട്ടു.


കോഹ്‌ലിയിൽ ഒരു ഓസ്‌ട്രേലിയൻ മനസ്സാണ്‌ കണ്ടതെന്നാണ്‌ ഓസീസ്‌ ടീം മുൻ ക്യാപ്‌റ്റൻ ഗ്രെഗ്‌ ചാപ്പൽ പറഞ്ഞത്‌. വിട്ടുകൊടുക്കാൻ മടിയുള്ള, കൂടുതൽ ഉയരങ്ങൾ ലക്ഷ്യംവച്ച ക്യാപ്‌റ്റൻ. കളത്തിൽ പോരാളിയായി. ബൗളർമാരോട്‌, ഫീൽഡർമാരോട്‌ എന്തിനേറെ എതിരാളികളോടുപോലും കൂടുതൽ പ്രകടനം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എല്ലാത്തിനുമുപരി സ്വയം പുതുക്കി. അപകർഷതാബോധം പേറിനിന്ന ഇന്ത്യൻ മനസ്സുകളെ കടുത്ത വാക്കുകളും നോട്ടങ്ങളുംകൊണ്ട്‌ വീര്യം നിറച്ചു. എതിർതാരങ്ങളെ, കാണികളെ പ്രകോപിപ്പിച്ചു. ഓസീസിലെയും ഇംഗ്ലണ്ടിലെയും കാണികൾക്ക്‌ അയാൾ ചീത്ത കുട്ടിയായി. പക്ഷേ, ഒരുതവണ ഓസീസ്‌ ബാറ്റർ സ്‌റ്റീവൻ സ്‌മിത്തിനെ കാണികൾ കൂവിയപ്പോൾ കോഹ്‌ലി ഇടപെട്ടായിരുന്നു അത്‌ നിർത്തിച്ചത്‌.


virat kohli



ശാരീരികക്ഷമതയിലും പോരാട്ടമനസ്സിലും ടീമിലെ എല്ലാ കളിക്കാരും തന്നെപ്പോലെയാകണമെന്ന്‌ വാശിപിടിച്ചു. ശാരീരികക്ഷമതാ പരീക്ഷകൾ നടത്തി. മറ്റുള്ളവർ ചിന്തിച്ച്‌ തുടങ്ങുമ്പോഴേക്കും പ്രവർത്തിച്ചുതുടങ്ങുന്ന രീതി. കളത്തിലെത്തുംമുമ്പുതന്നെ ആ സമ്മർദം മനസ്സിലേറ്റും. പേസ്‌ ബൗളിങ്ങാണ്‌ ഇന്ത്യയുടെ ടെസ്‌റ്റ്‌ ജയത്തിന്റെ ആയുധങ്ങളെന്ന്‌ കണ്ടെത്തിയ നായകൻകൂടിയായിരുന്നു.


അസാമാന്യ മാനസിക കരുത്തായിരുന്നു. സ്വകാര്യ ജീവിതത്തിലെയും കളി ജീവിതത്തിലെയും തിരിച്ചടികളെ മറികടന്നു. ഓരോ തവണയും തിരിച്ചെത്തുക കൂടുതൽ കരുത്തോടെയായിരിക്കും. 2006ൽ തന്റെ പതിനെട്ടാം വയസിൽ രഞ്‌ജി ട്രോഫിയിൽ കളിക്കുമ്പോഴാണ്‌ അച്ഛൻ മരിക്കുന്നത്‌. പിൻമാറിയില്ല. 90 റണ്ണുമായി കളത്തിലുണ്ടായി. അച്ഛൻ എന്താണോ ആഗ്രഹിച്ചത്‌ അത്‌ നൽകി എന്നായിരുന്നു പ്രതികരണം. 2008ൽ അണ്ടർ 19 ലോകകപ്പ്‌ ചാമ്പ്യൻമാരായപ്പോൾ നെഞ്ചിൽ മുഷ്‌ടികൊണ്ട്‌ ഇടിച്ചാണ്‌ ഇന്ത്യൻ ക്രിക്കറ്റിലേക്ക്‌ കയറിവന്നത്‌. അതിൽനിന്ന്‌ ഒരിഞ്ച്‌ പിന്നോട്ട്‌ പോയില്ല. കഴിവിനൊപ്പം ആത്മവിശ്വാസം പരിചയാക്കി.


സച്ചിൻ ഇതിഹാസമായിരുന്നു. ധോണി തന്ത്രശാലിയായിരുന്നു. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും സ്വാധീനം ചെലുത്തിയ താരം കോഹ്‌ലിയല്ലാതെ മറ്റാരുമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home