ad
Deshabhimani

ആർസിബിയുടെ കിരീടനേട്ടത്തിൽ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ക്യാപ്റ്റൻ രജത് പാട്ടിദാർ

Virat

രജത് പാട്ടിദാർ, വിരാട് കോഹ്‌ലി (Photo: BCCI)

വെബ് ഡെസ്ക്

Published on Jun 01, 2026, 09:12 AM | 1 min read

തിരുവനന്തപുരം : വിരാട് കോഹ്‌ലി മഹത്തായ കാര്യങ്ങൾ ചെയ്യാൻ ശീലിച്ച കളിക്കാരനാണെന്നും ഡ്രെസ്സിങ് റൂമിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നൽകുന്ന കരുത്ത് വാക്കുകൾക്ക് അപ്പുറമാണെന്നും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റൻ രജത് പാട്ടിദാർ. ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ആർസിബി തങ്ങളുടെ തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈനലിൽ ഗുജറാത്ത് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്കായി 37കാരനായ കോഹ്‌ലി 42 പന്തിൽ പുറത്താകാതെ 75 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.


വിരാട് കോഹ്‌ലിയെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. അദ്ദേഹം എല്ലായ്പ്പോഴും മഹത്തായ കാര്യങ്ങൾ ചെയ്യാൻ ശീലിച്ച വ്യക്തിയാണ്. അദ്ദേഹം എത്രത്തോളം മികച്ച കളിക്കാരനാണെന്ന് എല്ലാവർക്കും അറിയാം. മൈതാനത്തിനകത്തും പുറത്തും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്. നെറ്റ്സിലെ അദ്ദേഹത്തിന്റെ അതേ ഊർജ്ജം തന്നെയാണ് മത്സരത്തിലും കാണാൻ സാധിക്കുന്നത്. പാട്ടിദാർ കൂട്ടിച്ചേർത്തു.


കഴിഞ്ഞ വർഷം തങ്ങളുടെ 18-ാം ശ്രമത്തിലാണ് ആർസിബി ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. അതിനുശേഷം ടൂർണമെന്റിൽ ആർസിബിയും കോഹ്‌ലിയും പൂർണ ആധിപത്യമാണ് പുലർത്തുന്നത്. ഈ സീസണിൽ ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും ഉൾപ്പെടെ 675 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ഒൻപത് ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു ഫൈനലിലെ താരത്തിന്റെ പ്രകടനം.


തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ ക്യാപ്റ്റൻ എന്ന അപൂർവ നേട്ടത്തിലേക്ക് രജത് പാട്ടിദാർ ഇതോടെ എത്തിച്ചേർന്നു. ഇതിനുമുമ്പ് എം എസ് ധോണി (ചെന്നൈ സൂപ്പർ കിംഗ്സ് - 2010, 2011), രോഹിത് ശർമ്മ (മുംബൈ ഇന്ത്യൻസ് - 2019, 2020) എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.


കഴിഞ്ഞ വർഷം വലിയ സമ്മർദ്ദമുണ്ടായിരുന്നെന്നും എന്നാൽ ഇത്തവണ ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്താൻ സാധിച്ചതിനാൽ ടീം കൂടുതൽ ശക്തമായിരുന്നെന്നും പാട്ടിദാർ കൂട്ടിച്ചേർത്തു. ഫൈനൽ മത്സരത്തിൽ 90,000ത്തിലധികം കാണികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും കോഹ്‌ലിയുടെ 18-ാം നമ്പർ ജേഴ്സി അണിഞ്ഞ ആരാധകരായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home