സ്‌റ്റാർക്കും ആർച്ചെറുമില്ല
കണ്ണും കാതും കോഹ്‌ലിയിൽ ; ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് ജയിച്ചാൽ ബംഗളൂരു പ്ലേ ഓഫിൽ

വിരാട് കോഹ്--ലിയും (ഇടത്ത്) കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെയും പരിശീലനത്തിനിടെ കണ്ടുമുട്ടിയപ്പോൾ
ബംഗളൂരു
ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം വിരാട് കോഹ്‌ലി ഇന്ന് ആദ്യമായി കളത്തിൽ ഇറങ്ങും. എട്ട് ദിവസത്തെ ഇടവേളക്കുശേഷം ഐപിഎൽ പുനരാരംഭിക്കുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായ കോഹ്‌ലിയാകും ശ്രദ്ധാകേന്ദ്രം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം ജയിച്ചാൽ ബംഗളൂരു പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവും. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആരാധകർ കോഹ്‌ലിക്ക് പിന്തുണയുമായെത്തും.
പ്രിയതാരത്തോടുള്ള ആദരസൂചകമായി ടെസ്‌റ്റിൽ കളിക്കുമ്പോഴുള്ള വെള്ള വസ്‌ത്രങ്ങൾ അണിഞ്ഞാവും ആരാധകർ എത്തുക. ബംഗളൂരുവിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ബംഗളൂരുവിന് 11 കളിയിൽ എട്ട് ജയത്തോടെ 16 പോയിന്റാണുള്ളത്. റൺ നിരക്കിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ടൈറ്റൻസിനുപിന്നിൽ രണ്ടാംസ്ഥാനമാണ്. മോശം ഫോമിലുള്ള കൊൽക്കത്തയെ തോൽപിച്ചാൽ 18 പോയിന്റുമായി ബംഗളൂരുവിന് മുന്നേറാം. ലഖ്‌നൗ, ഹൈദരാബാദ് ടീമുകളെയും നേരിടാനുണ്ട്. ഓപ്പണറായ ഇറങ്ങുന്ന കോഹ്‌ലിയുടെ ഫോമിലാണ് പ്രതീക്ഷ. ഏഴ് അർധസെഞ്ചുറിയടക്കം 508 റണ്ണാണ് മുപ്പത്താറുകാരൻ നേടിയത്.
ബംഗളൂരുവിന്റെ വിദേശ താരങ്ങളെല്ലാം തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് താരങ്ങളായ ഫിൽ സാൾട്ട്, ലിയം ലിവിങ്സ്‌റ്റൺ, ജേക്കബ് ബെത്തെൽ എന്നിവർ ടീമിനൊപ്പം ചേർന്നു. വെസ്‌റ്റിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡ് തുടർന്നും കളിക്കും. പരിക്കുള്ള ഓസീസ് പേസ് ബൗളർ ജോഷ് ഹാസിൽവുഡ് പ്ലേ ഓഫിന് തിരിച്ചെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. മുപ്പത്തിനാലുകാരൻ 10 കളിയിൽ 18 വിക്കറ്റ് വീഴ്‌ത്തി.
ഉദ്‌ഘാടന മത്സരത്തിൽ കൊൽക്കത്തയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ബംഗളൂരു തുടങ്ങിയത്. അവസാന നാല് കളിയും തോറ്റിട്ടില്ല. പരിക്ക് മാറിയ ക്യാപ്‌റ്റൻ രജത് പാട്ടീദാർ പൂർണസജ്ജനാണ്.
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുങ്ങുന്ന കപ്പലാണ്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ രണ്ട് വിക്കറ്റ് തോൽവി ചാമ്പ്യൻമാരായ കൊൽക്കത്തയുടെ സാധ്യതകളെ തകിടംമറിച്ചു. 12 കളിയിൽ 11 പോയിന്റാണുള്ളത്. റൺനിരക്ക് 0.193. 25ന് ഹൈദരാബാദിനെ നേരിടും. രണ്ട് കളി ജയിച്ചാലും പരമാവധി 15 പോയിന്റാണ്. അതിനാൽ മറ്റ് കളികളെക്കൂടി ആശ്രയിച്ചാവും സാധ്യത.അജിൻക്യ രഹാനെ നയിക്കുന്ന ടീം അവസാന അഞ്ച് കളിയിൽ രണ്ടെണ്ണംമാത്രമാണ് ജയിച്ചത്. മൊയീൻ അലിയും റോവ്‌മാൻ പവലുമുണ്ടാവില്ല. സുനിൽ നരെയ്‌ൻ ബാറ്റിലും വരുൺ ചക്രവർത്തി പന്തിലും തെളിഞ്ഞാൽ സാധ്യതയുണ്ട്.
സ്‌റ്റാർക്കും ആർച്ചെറുമില്ല
ഐപിഎൽ ഇന്ന് പുനരാരംഭിക്കുമ്പോൾ വിദേശ കളിക്കാരിൽ പലരുമുണ്ടാവില്ല. ഉള്ളവരിൽ ചിലർ ലീഗ് മത്സരങ്ങൾക്കുശേഷം നാട്ടിലേക്ക് മടങ്ങും. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ജൂൺ 11ന് തുടങ്ങുന്നത് തിരിച്ചടിയായി. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഫൈനൽ. എട്ട് വെസ്‌റ്റിൻഡീസ് കളിക്കാരും അവരുടെ ടീമുകൾക്കൊപ്പം തുടരും.
ഓസ്‌ട്രേലിയൻ പേസർ മിച്ചെൽ സ്‌റ്റാർക്ക് തിരിച്ചെത്തില്ല. 11 കളിയിൽ 14 വിക്കറ്റെടുത്ത മുപ്പത്തഞ്ചുകാരന്റെ പിൻവാങ്ങൽ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടിയായി. പരിക്കേറ്റ പഞ്ചാബ് കിങ്സ് പേസർ ലോക്കി ഫെർഗൂസനുപകരം കൈൽ ജാമിസണെ ഉൾപ്പെടുത്തി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേ ഓഫിലെത്തിയാൽ എയ്‌ദൻ മാർക്രത്തിന്റെ സേവനം ലഭിക്കില്ല. ഇംഗ്ലണ്ടിന്റെ പേസർ ജോഫ്ര ആർച്ചെർ രാജസ്ഥാൻ റോയൽസിന്റെ ശേഷിക്കുന്ന രണ്ട് കളിക്കായി വരില്ല. ചെന്നൈ സൂപ്പർ കിങ്സ് കളിക്കാരായ സാം കറൻ, രചിൻ രവീന്ദ്ര, ജാമി ഓവർട്ടണും തിരിച്ചെത്തില്ല.









0 comments