ആരാധകരേ, ഞങ്ങൾ വിരമിക്കുന്നില്ല; നയം വ്യക്തമാക്കി രോഹിതും കോഹ്‌ലിയും ജഡേജയും

ദുബായ്: ചാമ്പ്യൻസ് ട്രോഫി നേട്ടത്തിനുപിന്നാലെ ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും. ടൂർണമെന്റിനുപിന്നാലെ മൂവരും കളി മതിയാക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ലോകകപ്പ് നേട്ടത്തിനുശേഷം ട്വന്റി20യിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
‘ഉടനൊന്നുമില്ല. തെറ്റിദ്ധാരണ പരത്തരുത്. ഏകദിനം മതിയാക്കുന്നതിനെക്കുറിച്ച് ആലോചിട്ടില്ല’– രോഹിത് പറഞ്ഞു. ചാമ്പ്യൻസ് ട്രോഫി ഫൈനലിനുപിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ ക്യാപ്‌റ്റൻ നയം വ്യക്തമാക്കിയത്. മത്സരശേഷം മാധ്യമങ്ങളെ കണ്ട കോഹ്‌ലിയും വിരമിക്കൽ സൂചനകളൊന്നും നൽകിയില്ല. ‘ഈ ടീം ഭാവിയിലേക്കുള്ളതാണ്. സീനിയേഴ്‌സ് എന്ന നിലയിൽ ഞാനും രോഹിതും യുവതാരങ്ങളെ സഹായിക്കുന്നു’–-കോഹ്‌ലി അഭിപ്രായപ്പെട്ടു. ഇരുവരുടെയും നാലാം ഐസിസി ട്രോഫിയായിരുന്നു ദുബായിൽ ഉയർത്തിയത്. അനാവശ്യ ചർച്ച ഒഴിവാക്കണമെന്നായിരുന്നു ജഡേജയുടെ പ്രതികരണം.
ഇന്ത്യയുടെ മുതിർന്ന താരങ്ങളായ രോഹിതും കോഹ്‌ലിയും സമ്മർദത്തോടെയാണ് ടൂർണമെന്റിന് എത്തിയത്. മങ്ങിയ ഫോമിലായിരുന്നു ഇരുവരും. ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിരാശപ്പെടുത്തി. റൺ കണ്ടെത്താൻ പാടുപെട്ടു. മോശം ഷോട്ടുകളിലൂടെ പുറത്താകുന്നത് പതിവാക്കി. ചില പന്തുകൾക്കുമുന്നിൽ ഭയന്നു. ചാമ്പ്യൻസ് ട്രോഫിയിൽ ഇരുവരുടെ പങ്കാളിത്തത്തിനുവരെ വിമർശമുയർന്നു. യുവതാരങ്ങൾക്ക് അവസരം നൽകണമെന്നായിരുന്നു ആവശ്യം. ടൂർണമെന്റിന് മുന്നോടിയായുള്ള ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സെഞ്ചുറി നേടി രോഹിത് ആശ്വസിച്ചു. പക്ഷേ, കോഹ്‌ലിയുടെ ബാറ്റ് അപ്പോഴും റൺ കണ്ടെത്തിയില്ല. രഞ്ജി ട്രോഫിയിലും പരാജയമായി. എന്നാൽ, ലോകവേദിയിൽ എന്നും തിളങ്ങിയിട്ടുള്ള ഇരുവരും ചാമ്പ്യൻസ് ട്രോഫിയിൽ ഉജ്വല തിരിച്ചുവരവ് നടത്തി.









0 comments