വീര കോഹ്‌ലിയും ക്യാപ്റ്റൻ ശ്രേയസും

അഹമ്മദാബാദ്: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും ഐപിഎൽ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ വിരാട് കോഹ്‍ലിയാണ് ശ്രദ്ധാകേന്ദ്രം. മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎൽ ഫൈനലിലെത്തിച്ച ഏക ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരും കളിയിലെ ആകർഷണമാണ്.
14 കളിയിൽ 614 റണ്ണുമായി റൺവേട്ടയിൽ മുപ്പത്താറുകാരനായ കോഹ്‍ലി അഞ്ചാമതാണ്. പഞ്ചാബിനെതിരെ ലീഗ് മത്സരത്തിൽ പുറത്താവാതെ നേടിയ 73 റണ്ണാണ് ഉയർന്ന സ്‌കോർ. എന്നാൽ ഒന്നാം ക്വാളിഫയറിൽ നേടിയത് 12 റണ്ണാണ്. ഈ സീസണിൽ എട്ട് അർധ സെഞ്ചുറിയുണ്ട്. 63 ഫോറും 19 സിക്സറും പറത്തി. ഐപിഎല്ലിന്റെ എല്ലാ പതിപ്പിലും കളിച്ചതാണ് സവിശേഷത.
2008 മുതൽ ബംഗളൂരു അല്ലാതെ മറ്റൊരു ടീമിലേക്കും പോയില്ല. 266 കളിയിൽ 8618 റണ്ണാണ് സമ്പാദ്യം. എട്ട് സെഞ്ചുറിയും 63 അർധ സെഞ്ചുറിയുമുണ്ട്. മൂന്ന് ഫൈനൽ കളിച്ചു. പക്ഷേ കിരീടം സാധ്യമായില്ല. രാജ്യാന്തരവേദിയിൽ നേടാത്ത ട്രോഫികളില്ല. പക്ഷേ ഐപിഎൽ ഇപ്പോഴും മോഹമായി തുടരുന്നു. ബംഗളൂരു കിരീടം നേടിയാൽ കോഹ്‌ലി ഐപിഎൽ മതിയാക്കുമെന്ന് കരുതുന്നവരുണ്ട്. ഇന്ത്യൻ കുപ്പായത്തിൽ ട്വന്റി20 ക്ക് പിന്നാലെ ടെസ്റ്റിൽ നിന്നും വിരമിച്ചിരുന്നു. ഏകദിന ക്രിക്കറ്റിൽ മാത്രം കളിക്കാനാണ് തീരുമാനം.
അതേസമയം പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായ അയ്യറാണ് കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചത്. എന്നിട്ടും കൊൽക്കത്ത ക്യാപ്റ്റനെ കൈവിട്ടു. അവസരം മുതലാക്കിയ പഞ്ചാബ് 26.75 കോടിക്കാണ് മുപ്പതുകാരനെ റാഞ്ചിയത്. 2020ൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിലെത്തിച്ചെന്ന ബഹുമതിയുമുണ്ട്.
ഇത്തവണ ക്യാപ്റ്റനായി മിന്നിയെന്ന് മാത്രമല്ല 16 കളിയിൽ 603 റണ്ണടിച്ചു. ആറ് അർധ സെഞ്ചുറിയിൽ പുറത്താവാതെ നേടിയ 97 റണ്ണാണ് ഉയർന്ന സ്കോർ. മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ അഞ്ച് വിക്കറ്റ് ജയമൊരുക്കിയത് ശ്രേയസിന്റെ ഉറച്ച ഇന്നിങ്സാണ്. 41 പന്തിൽ 87 റണ്ണടിച്ചു. എട്ട് സിക്സറും അഞ്ച് ഫോറുമാണ് നേടിയത്. ഐപിഎല്ലിൽ 2015ൽ അരങ്ങേറിയത് ഡൽഹി ക്യാപിറ്റൽസിലായിരുന്നു. കഴിഞ്ഞ മൂന്ന് സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ബാറ്റെടുത്തു. ഐപിഎല്ലിൽ 132 കളിയിൽ 3730 റണ്ണുണ്ട്. 27 അർധ സെഞ്ചുറി നേടി.










0 comments