ആരാകും നാലാമൻ ; വിരാട് കോഹ്ലിക്ക് പകരക്കാരെ തേടുന്നു

virat kohli
avatar
Sports Desk

Published on May 14, 2025, 12:00 AM | 2 min read


മുംബൈ

വിരാട്‌ കോഹ്‌ലി കളി മതിയാക്കിയതോടെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നാലാം നമ്പറിൽ പുതിയ ബാറ്ററെ തേടുകയാണ്‌ ഇന്ത്യ. 2013ൽ സച്ചിൻ ടെൻഡുൽക്കർ വിരമിച്ചതിനുപിന്നാലെയാണ്‌ കോഹ്‌ലി ഈ സ്ഥാനമേറ്റേടുത്തത്‌. 12 വർഷം സ്ഥിരതയോടെ കളിച്ചു. ഇന്ത്യൻ ടീമിലെ ഏറ്റവും മൂല്യമുള്ള സ്ഥാനത്ത്‌ ഇനിയാര്‌ വരുമെന്നതാണ്‌ ആകാംക്ഷ. കോഹ്‌ലിക്ക്‌ പിൻഗാമിയായി പ്രധാനമായും പരിഗണിക്കുന്നവർ ഇവരെല്ലാമാണ്‌.


കെ എൽ രാഹുൽ (33)

വർഷങ്ങളായി സമ്മർദ ഘട്ടങ്ങളിൽ ഇന്ത്യയുടെ രക്ഷകൻ. ഓപ്പണർമുതൽ ആറാം നമ്പറിൽവരെ ബാറ്റ്‌ ചെയ്യാനുള്ള മിടുക്കുണ്ട്‌. ഏത്‌ സാഹചര്യത്തെയും അനായാസം നേരിടും. ടീമിലെ ഏറ്റവും മികച്ച ബാറ്ററായ കോഹ്‌ലി ഒഴിയുമ്പോൾ സാങ്കേതിക മികവും പക്വതയും പരിചയസമ്പത്തുമുള്ള താരത്തെയാണ്‌ പകരക്കാരനാക്കുന്നതെങ്കിൽ അത്‌ രാഹുലാകും.


ശുഭ്‌മാൻ ഗിൽ (25)

ടെസ്റ്റിൽ ഇന്ത്യയുടെ സ്ഥിരസാന്നിധ്യമാണ്‌ ഗിൽ. 2020ൽ അരങ്ങേറിയ ഇരുപത്തഞ്ചുകാരൻ ഇതിനകം 32 ടെസ്റ്റ്‌ കളിച്ചു. ഓപ്പണറായും മൂന്നാം നമ്പറിലുമാണ്‌ ഇറങ്ങിയത്‌. എന്നാൽ ഒരുപടി താഴെ കളിച്ചാലും തിളങ്ങാനാകുമെന്നാണ്‌ പ്രതീക്ഷ. ഷോട്ട്‌ തെരഞ്ഞെടുപ്പിലും കളിയിലെ ആക്രമണ സ്വഭാവവും കണക്കിലെടുക്കുകയാണെങ്കിൽ കോഹ്‌ലിക്കൊത്ത പകരക്കാരനായി ഗിൽ
 മാറിയേക്കാം.


സർഫറാസ്‌ ഖാൻ (27)

ഭാവിവാഗ്‌ദാനമെന്ന വിശേഷണം അനവധി തവണ കേട്ട താരം. കഴിഞ്ഞ വർഷം ടെസ്റ്റിൽ അരങ്ങേറി. ഇതുവരെ ആറ്‌ കളിയിൽ ഒരു സെഞ്ചുറിയും മൂന്ന്‌ അരസെ
ഞ്ചുറിയും നേടി. ആഭ്യന്തര ക്രിക്കറ്റിൽ
നടത്തുന്ന മികവ്‌ ഇന്ത്യൻ കുപ്പായത്തിൽ നടത്താനായിട്ടില്ലെങ്കിലും അവസരം നൽകിയാൽ മുംബൈയുടെ ഈ വലംകൈയൻ ബാറ്റർ തിളങ്ങുമെന്ന പ്രതീക്ഷ സെലക്ടർമാർക്കുണ്ട്‌.


സായ്‌ സുദർശൻ (23)

ടെസ്റ്റിൽ അരങ്ങേറിയില്ലെങ്കിലും ഭാവി ഇന്ത്യയുടെ പ്രധാന താരമെന്നാണ്‌ തമിഴ്‌നാടുകാരനെ 
വിലയിരുത്തപ്പെടുന്നത്‌. ഏകദിനത്തിൽ നാല്‌ തവണ ദേശീയ കുപ്പായമിട്ട ഇടംകൈയൻ ബാറ്റർ സ്ഥിരതയാർന്ന പ്രകടനമാണ്‌ നട
ത്തുന്നത്‌. ഇന്ത്യ എ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ കളിയായിരുന്നു. ഐപിഎല്ലിലും മികവ്‌ തുടർന്നു. സാങ്കേതിക മികവും സ്ഥിരതയും ഇടംകെെയനെന്ന ആനുകൂല്യവും ഇരുപത്തിമൂന്നുകാരനുണ്ട്.


33 വർഷം സച്ചിനും കോഹ്‌ലിയും

ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ നാലാം നമ്പറിൽ ബാറ്റ്‌ ചെയ്യുക എന്നത്‌ ചെറിയ കാര്യമല്ല. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും പിന്നീട്‌ വിരാട്‌ കോഹ്‌ലിയുമാണ്‌ ഈ സ്ഥാനത്ത്‌ കളിച്ചത്‌. കഴിഞ്ഞ 33 വർഷം നാലാം നമ്പറിൽ ഇന്ത്യക്ക്‌ ആശങ്കയുണ്ടായിരുന്നില്ല. 1992മുതൽ 2013വരെ സച്ചിൻ ബാറ്റേന്തി. പിന്നാലെ കോഹ്‌ലിയും. ഇരുവരും നാലാം നമ്പറിൽ കൊയ്‌ത നേട്ടങ്ങളും നേടിയ ജയങ്ങളും അനുപമമാണ്‌. 177 ടെസ്റ്റിൽ 13492 റണ്ണാണ്‌ സച്ചിൻ അടിച്ചെടുത്തത്‌. 44 സെഞ്ചുറിയും 58 അരസെഞ്ചുറിയും ഉൾപ്പെടും. കോഹ്‌ലി 160 ഇന്നിങ്‌സിൽ 7564 റൺ. 26 സെഞ്ചുറിയും 21 അരസെഞ്ചുറിയും ഇതിലുണ്ട്‌. ഇനി വരാൻ പോകുന്ന പുതിയ നാലാം നമ്പറുകാരന്‌ ഈ ചരിത്രപ്രകടനങ്ങളുടെ സമ്മർദമുണ്ടാകുമെന്ന്‌ ഉറപ്പാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home