print edition കാലം കോഹ് ലി

അഹമ്മദാബാദ്: പ്രതിസന്ധികളിൽ ഒറ്റപ്പേരാണ്, സമ്മർദങ്ങളിൽ ഒറ്റ മന്ത്രവും.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ആ പേരും മന്ത്രവും വിരാട് കോഹ്‌ലിയാകുന്നു. പതിനെട്ട് വർഷം ബംഗളൂരു ടീമിന്റെ ഹൃദയമായി നിറഞ്ഞ മുപ്പത്തെട്ടുകാരൻ മറ്റൊരു മനോഹര അധ്യായം കുറിച്ചാണ് മടങ്ങുന്നത്. ഐപിഎൽ ക്രിക്കറ്റ് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സമ്മർദത്തീയിൽ ഉരുകി സഹ ബാറ്റർമാർ കളമൊഴിഞ്ഞപ്പോൾ ഒറ്റയാൾപോരാട്ടത്തിലൂടെ ജയമൊരുക്കി. പേസർമാർ കൊയ്‌ത കളത്തിൽ ബാറ്റ് കൊണ്ട് മുൻ ക്യാപ്‌റ്റൻ സ്വപ്‌നം പൂർത്തിയാക്കി.
അഞ്ച് വിക്കറ്റ് ജയത്തോടെ തുടർച്ചയായ രണ്ടാം തവണയും ബംഗളൂരു കപ്പടിച്ചപ്പോൾ 42 പന്തിൽ 75 റണ്ണുമായി കോഹ്‌ലി കോട്ട കാത്തു. സിക്‌സർ പറത്തി, അതി ഗംഭീരമായി ജയമൊരുക്കി.
ഗുജറാത്ത് ഉയർത്തിയ 156 റൺ ലക്ഷ്യം 18 ഓവറിൽ മറികടന്നു.
പതിനാറ് വർഷം കിരീടം സ്വപ്‌നമായി കൊണ്ടുനടന്ന ബംഗളൂരുവിന് അവസാന രണ്ട് പതിപ്പിലും സന്പൂർണാധിപത്യം നൽകിയത് ഇൗ ബാറ്റാണ്. രണ്ട് പതിപ്പിലും കപ്പുയർത്തി ക്യാപ്‌റ്റൻ രജത് പടീദാറും ടീമിന് പുതുയുഗം നൽകി.
ശുഭ്‌മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ബാറ്റിങ് നിരയെ ബംഗളൂരു പേസർമാർ പൊടിച്ചുകളഞ്ഞു. എട്ടിൽ ഏഴ് വിക്കറ്റും പേസർമാർ കീശയിലാക്കി. എട്ടിന് 155 റണ്ണെന്ന ദുർബല സ്‌കോറിലാണ് ഗുജറാത്ത് ബാറ്റ് താഴ്‌ത്തിയത്. വിരാട് കോഹ്‌ലിയും വെങ്കിടേഷ് അയ്യരും (16 പന്തിൽ 32) ചേർന്നുള്ള തുടക്കത്തിൽതന്നെ ബംഗളൂരു കപ്പിൽ പിടിമുറുക്കി. പക്ഷേ, ദേവ്‌ദത്ത് പടിക്കൽ (1), ക്യാപ്‌റ്റൻ രജത് പടീദാർ (15), ക്രുണാൾ പാണ്ഡ്യ (1) വേഗത്തിൽ മടങ്ങിയത് സമ്മർദമുണ്ടാക്കി. പക്ഷേ, കോഹ്‌ലി ഒരറ്റത്ത് നിന്നതോടെ അതുമാറി. മൂന്ന് സിക്‌സറും ഒന്പത് ഫേ-ാറുമായിരുന്നു ഇന്നിങ്‌സിൽ. സ്‌കോർ 63ൽവച്ച് ഗിൽ ക്യാച്ചെടുത്തെങ്കിലും പരിശോധനയിൽ പന്ത് നിലംതൊട്ടതിനാൽ നോട്ടൗട്ട് വിധിക്കുകയായിരുന്നു. ഒരറ്റത്ത് പങ്കാളികളെ ഓരോ ഘട്ടങ്ങളിലായി നഷ്ടമാകുന്പോഴും നിയന്ത്രണം വിട്ടില്ല. ടിം ഡേവിഡ് (17 പന്തിൽ 24) പിന്തുണ നൽകി. 11 റണ്ണുമായി ജിതേഷ് ശർമയായിരുന്നു വിജയനിമിഷത്തിൽ കൂട്ട്.
ഗുജറാത്തിന് അവരുടെ ഓപ്പണിങ് സഖ്യത്തിലായിരുന്നു പ്രതീക്ഷ.
പക്ഷേ, അഹമ്മദാബാദിലെ പിച്ചിൽ ബംഗളൂരു പേസർമാർ തകർത്താടിയപ്പോൾ ഗില്ലും (10) സായ് സുദർശനും (12) ടീം സ്‌കോർ 26 റണ്ണിലെത്തുന്പോഴേക്കും കളംവിട്ടു. ഭുവനേശ്വർ കുമാറും ജോഷ് ഹാസെൽവുഡ് നൽകിയ തുടക്കം റാസിഖ് സലാം ദറിലൂടെ ബംഗളൂരു പൂർത്തിയാക്കി. ഗില്ലിനെ ഹാസെൽവുഡും സുദർശനെ ഹാസെൽവുഡുമാണ് പുറത്താക്കിയത്. ജോസ് ബട്‌ലറെ (19) സ്‌പിന്നർ ക്രുണാൾ പാണ്ഡ്യയും മടക്കിയതോടെ കളി ബംഗളൂരുവിന്റെ കൈയിലായി. 37 പന്തിൽ 50 റണ്ണുമായി പുറത്താകാതെനിന്ന വാഷിങ്‌ടൺ സുന്ദറിന് പിന്തുണ കിട്ടിയില്ല. റാസിഖ് നാലോവറിൽ 27 റൺ മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്.










0 comments