ad
Deshabhimani

ലോകകപ്പിലെ ആദ്യ ബോളിൽ വിക്കറ്റ് നേടിയ താരം; ഇന്ത്യൻ കരിയർ അവസാനിപ്പിച്ച് വിജയ് ശങ്കർ ലങ്കയിലേക്ക്

VIJAY SHANKAR

Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 26, 2026, 07:37 PM | 1 min read

ചെന്നൈ: വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമാകുന്നതിനായി ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച തമിഴ്‌നാട് ഓൾറൗണ്ടർ വിജയ് ശങ്കർ ,കരിയറിന് പുതിയ വഴിത്തിരിവ് നൽകാൻ ലങ്കൻ പ്രീമിയർ ലീഗിലേക്ക്.


നിലവിലെ നിയമപ്രകാരം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്ലിലോ സജീവമായ കളിക്കാർക്ക് വിദേശ ട്വന്റി 20 ലീഗുകളിൽ പങ്കെടുക്കാൻ അനുമതിയില്ല.


ഇന്ത്യക്കായി ഒരുകാലത്ത് വലിയ പ്രതീക്ഷകൾ നൽകിയ താരമായിരുന്നു വിജയ് ശങ്കർ. 2018-നും 2019-നുമിടയിൽ ഇന്ത്യക്കായി 12 ഏകദിനങ്ങളിലും 9 ട്വന്റി 20 മത്സരങ്ങളിലും താരം പാഡണിഞ്ഞിട്ടുണ്ട്.


2019-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അപ്രതീക്ഷിതമായി ഇടംനേടിയ താരം, പാകിസ്താനെതിരായ മത്സരത്തിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഇമാം ഉൾ ഹഖിനെ പുറത്താക്കി റെക്കോർഡ് കുറിച്ചിരുന്നു.


എന്നാൽ പരിശീലനത്തിനിടെയേറ്റ കാൽവിരലിലെ പരിക്ക് മൂലം മൂന്ന് മത്സരങ്ങൾക്ക് ശേഷം അന്ന് താരത്തിന് ലോകകപ്പിൽ നിന്ന് പുറത്തുപോകേണ്ടി വന്നു.


കഴിഞ്ഞ കുറച്ചു വർഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിജയ് ശങ്കർ പൂർണ്ണമായും പുറത്തായിരുന്നു. ഐപിഎൽ 2026 ലേലത്തിൽ അൺക്യാപ്പ്ഡ് പ്ലെയറായി താരം രജിസ്റ്റർ ചെയ്‌തെങ്കിലും ലേലത്തിൽ വാങ്ങാൻ ഒരു ഫ്രാഞ്ചൈസിയും താല്പര്യം കാണിച്ചില്ല.


ആഭ്യന്തര ക്രിക്കറ്റിൽ അവസാനമായി ത്രിപുരയ്ക്ക് വേണ്ടി കളിച്ച വിജയ് ശങ്കർ ഗുജറാത്തിനെതിരെ പുറത്താകാതെ 151 റൺസ് നേടി തന്റെ കരിയറിലെ ഏറ്റവും മികച്ച സ്കോർ കുറിച്ച ശേഷമാണ് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.


ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറഞ്ഞ താരം ഇനി ലങ്കൻ പ്രീമിയർ ലീഗിലൂടെ തന്റെ പുതിയ കരിയർ ആരംഭിക്കും. കാൻഡി റോയൽസ് സ്വന്തമാക്കിയ വിജയ് ശങ്കർ ജൂലൈ 18-ന് ദാംബുള്ളയ്‌ക്കെതിരെയുള്ള മത്സരത്തിലൂടെ ലങ്കൻ മണ്ണിൽ അരങ്ങേറും.


ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് താൽക്കാലികമായി മാറ്റിവെച്ച ടൂർണമെന്റാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂലൈ 17 മുതൽ പുനരാരംഭിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home