ad
Deshabhimani

ഓണാഘോഷത്തിന് നിറംപകരാൻ സർക്കസ് സംഘങ്ങളും; വിവിധയിടങ്ങളില്‍ പ്രദര്‍ശനം

gemini circus
വെബ് ഡെസ്ക്

Published on Aug 15, 2026, 07:02 PM | 2 min read

തിരുവനന്തപുരം : ഓണക്കാലമെത്തിയതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സർക്കസുകളും ആരംഭിക്കുന്നു. കേരളത്തിലും സമീപപ്രദേശങ്ങളിലുമായി പ്രമുഖ സർക്കസ് കമ്പനികളുടെ പ്രദർശനങ്ങൾ സജീവമായിത്തുടങ്ങി. തിരുവനന്തപുരത്ത് ജെമിനി സർക്കസും കോഴിക്കോട്ട് ഗ്രേറ്റ് ബോംബെ സർക്കസും പ്രദർശനങ്ങൾ ആരംഭിച്ചു. കേരള അതിർത്തിയോട് ചേർന്ന തിരുനെൽവേലിയിൽ ജംബോ സർക്കസും ഷോകൾ ആരംഭിച്ചിട്ടുണ്ട്.


തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്താണ് ജെമിനി സർക്കസ് നടക്കുന്നത്. 14ന് ആരംഭിച്ച പ്രദർശനം സെപ്റ്റംബർ 20 വരെ തുടരും. ദിവസേന ഉച്ചയ്ക്ക് 1, വൈകുന്നേരം 4, രാത്രി 7 എന്നിങ്ങനെ മൂന്ന് ഷോകളാണ് ക്രമീകരിച്ചിരിക്കുന്നത്. വിദേശ കലാകാരന്മാരുടെ പ്രകടനങ്ങളും അഭ്യാസങ്ങളും ഉൾപ്പെടുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.


കോഴിക്കോട്ട് ഗ്രേറ്റ് ബോംബെ സർക്കസിന്റെ പ്രദർശനവും 14 മുതൽ ആരംഭിച്ചു. കോഴിക്കോട് ബീച്ചിന് സമീപത്താണ് പ്രദർശനം. ദിവസേന മൂന്ന് പ്രദർശനങ്ങളുണ്ട്. സാഹസിക ഇനങ്ങളും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള വിനോദപരിപാടികളും ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരുനെൽവേലിയിൽ 15 മുതൽ 30 വരെയാണ് ജംബോ സർക്കസ് പ്രദർശനം.


ഓണക്കാല അവധിയും ആഘോഷങ്ങളും മുന്നിൽ കണ്ടാണ് വിവിധ സർക്കസ് സംഘങ്ങൾ പ്രദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫ്ലയിങ്‌ ട്രപ്പീസ്‌, ബോൺലെസ്‌, മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലൻസിങ്‌, അക്രോബാറ്റിക് ചെയർ ബാലൻസിങ്‌ തുടങ്ങി വിവിധ ഇനങ്ങൾ കമ്പനികളുടെ പ്രദർശന ലിസ്റ്റിൽ ഉൾപ്പെടുന്നു. വന്യമൃഗങ്ങളെ സർക്കസ്സിൽ പ്രദർശിപ്പിക്കുന്നത് 2014 ൽ നിരോധിച്ച ശേഷം ഇവയുടെ റോബോട്ടിക് രൂപങ്ങളാണുള്ളത്‌.


മൃഗങ്ങളെ ഉപയോഗിക്കുന്നതിനുള്ള വിലക്കും, സാമ്പത്തിക പ്രതിസന്ധികളും കാരണം പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണെങ്കിലും ഓണം പോലെയുള്ള ആഘോഷങ്ങൾ ലക്ഷ്യമിട്ട് പരമാവധി ഇനങ്ങളുമായി എല്ലാക്കൊല്ലവും പ്രമുഖ കമ്പനികൾ എത്താറുണ്ട്.


പ്രധാന സർക്കസ് കമ്പനികൾ


ജെമിനി സർക്കസ് - കണ്ണൂർ സ്വദേശിയും ഇന്ത്യൻ സർക്കസ് മേഖലയിലെ പ്രമുഖനുമായ ജെമിനി ശങ്കരൻ ( എം വി ശങ്കരൻ) ആരംഭിച്ചതാണ് ജെമിനി സർക്കസ്. 1951ൽ 6000 രൂപയ്ക്ക് മഹാരാഷ്ട്രയിലെ വിജയ സർക്കസ് വിലയ്ക്കു വാങ്ങി ജെമിനി സർക്കസ് എന്ന് പേരുമാറ്റുകയായിരുന്നു. 1951 ആ​ഗസ്ത് 15നാണ് ആദ്യ പ്രദർശനം നടത്തിയത്.


ജംബോ സർക്കസ് - ജെമിനി ശങ്കരൻ തന്നെയാണ് ജംബോ സർക്കസിന്റെയും സ്ഥാപകൻ. ബീഹാറിലെ ധനാപൂരിലായിരുന്നു ആദ്യ പ്രദർശനം. ആധുനിക വിദേശ ഇനങ്ങളും അഭ്യാസങ്ങളും ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ജംബോ സർക്കസിലാണ്.


ഗ്രേറ്റ് ബോംബെ സർക്കസ്- 1920-ൽ ബാബുറാവു കദം ഗ്രാൻഡ് ബോംബെ സർക്കസ് എന്ന പേരിൽ സ്ഥാപിച്ച ദി ഗ്രേറ്റ് ബോംബെ സർക്കസ് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സർക്കസ് ട്രൂപ്പുകളിൽ ഒന്നാണ്. 1947-ൽ തലശ്ശേരി സ്വദേശിയും കീലേരി കുഞ്ഞിക്കണ്ണന്റെ അനന്തരവനുമായ കെ എം കുഞ്ഞിക്കണ്ണൻ തന്റെ വൈറ്റ്‌വേ, ഹിന്ദ് എന്നീ സർക്കസ് കമ്പനികളെ ഇതിലേക്ക് ലയിപ്പിച്ചതോടെയാണ് നിലവിലെ രൂപത്തിലെത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home