ad
Deshabhimani

ലോകറെക്കോഡ് ലക്ഷ്യമിട്ട് മലയാളി; സമാധാന സന്ദേശവുമായി 135 രാജ്യത്തിലൂടെ കാർ യാത്ര

manikkuttan
വെബ് ഡെസ്ക്

Published on Aug 15, 2026, 07:35 PM | 1 min read

ദുബായ് : ലോകസമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി 135 രാജ്യങ്ങളിലൂടെ കാർ യാത്ര നടത്തി പുതിയ ലോകറെക്കോർഡ് ലക്ഷ്യമിടുകയാണ് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) കുവൈത്ത്‌ പ്രൊവിൻസ് അംഗം ജി എസ്‌ മണിക്കുട്ടൻ. 600 ദിവസംകൊണ്ട് 2.5 ലക്ഷം കിലോമീറ്റർ കാറിൽ സഞ്ചരിക്കുകയാണ് ലക്ഷ്യം.


ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ആഗസ-്‌ത്‌ 15ന് കുവൈറ്റ് ടവറിൽനിന്ന് യാത്രയ്ക്ക്‌ തുടക്കമാകും. ഡബ്ല്യുഎംസിയുടെ പൂർണ പിന്തുണയോടെയാണ് യാത്ര. സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സർവലൗകിക സന്ദേശം ലോകജനതയിലെത്തിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിലും പ്രസിഡന്റ് ബേബി സോമതീരവും യാത്രയ്ക്ക്‌ ആശംസകൾ നേർന്നു.

​തിരുവനന്തപുരം അരുവിക്കര വില്ലേജിലെ ചെറിയകൊന്നി സ്വദേശിയായ ജി എസ്‌ മണിക്കുട്ടൻ (53) നിലവിൽ കുവൈത്തിലും തിരുവനന്തപുരത്തുമായി പ്രവർത്തിക്കുന്ന ‘എത്യോസ് ഒപ്റ്റീഷ്യൻ’ സ്ഥാപനത്തിന്റെ ഉടമയാണ്. 2023ൽ ഒരു രാജ്യത്തിനുള്ളിൽ കാറിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വ്യക്തിക്കുള്ള ഗിന്നസ് ലോകറെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അമേരിക്കൻ പൗരന്മാരുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് മണിക്കുട്ടൻ തിരുത്തിയത്.


ഇതുവരെ 11 ലോകറെക്കോർഡുകളും ഒരു പ്രത്യേക പുരസ്കാരവും നേടിയിട്ടുള്ള മണിക്കുട്ടൻ ഭൂഖണ്ഡങ്ങളുടെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുവാനാണ്‌ ലക്ഷ്യമിടുന്നത്‌. അമേരിക്കൻ ദമ്പതികളായ ജിം റോജേഴ്‌സും പേജ് പാർക്കറും 116 രാജ്യങ്ങളിലൂടെ മൂന്ന് വർഷംകൊണ്ട് നടത്തിയ കാർ യാത്രയുടെ റെക്കോർഡ് മറികടക്കുക എന്നതും മണിക്കുട്ടന്റെ പുതിയ ദൗത്യത്തിന്റെ ലക്ഷ്യമാണ്.


കുവൈറ്റിൽനിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക്‌ വിജയവും സുരക്ഷിതത്വവും നേരുന്നതായി ഡബ്ല്യുഎംസി ദുബായ് ഭാരവാഹികളായ ചെയർമാൻ വി എസ്‌ ബിജുകുമാർ, പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home