ad
Deshabhimani

തീവ്രവാദത്തിൽനിന്ന്‌ കുട്ടികളെ സംരക്ഷിക്കണം; ജാഗ്രതാനിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

kuwait ministry of interior
വെബ് ഡെസ്ക്

Published on Aug 15, 2026, 07:20 PM | 1 min read

കുവൈത്ത് സിറ്റി : തീവ്രവാദ ആശയങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള നിർണായക പങ്ക് ഓർമിപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ‘ഡിജിറ്റൽ ലോകത്തിലെ നിങ്ങളുടെ മക്കൾ നിങ്ങളുടെ ഉത്തരവാദിത്വമാണ്’ എന്ന തലക്കെട്ടിൽ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പങ്കുവച്ചു. കുട്ടികൾ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ നിരീക്ഷിക്കണം. അവർ ബന്ധപ്പെടുന്ന വ്യക്തികളെയും അക്കൗണ്ടുകളെയും കുറിച്ച് മാതാപിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്നും മന്ത്രാലയം നിർദേശിച്ചു. കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തുന്നതിനൊപ്പം ഡിജിറ്റൽ ലോകത്ത് അവർ കാണുന്നതും പിന്തുടരുന്നതുമായ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുകയുംവേണം.


തീവ്രവാദ ചിന്തകളിലേക്കും വഴിതെറ്റിക്കുന്ന ആശയങ്ങളിലേക്കും കുട്ടികൾ ആകർഷിക്കപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കണം. രാജ്യസ്നേഹം, ദേശീയ ഐക്യം, നിയമസംവിധാനത്തോടുള്ള ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ വളർത്തണം. അപകടസൂചനകൾ നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

​ഐഎസ് ഭീകരസംഘടനയിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തിയതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്നതിൽ ഇവർക്ക് പരിശീലനം ലഭിച്ചതായും ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇരുവരെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ജുഡീഷ്യൽ അധികൃതർക്ക് കൈമാറി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home