ജഡേജയെ വിറപ്പിച്ച് വൈഭവ്; സഞ്ജു പോയ രാജസ്ഥാനിൽ പുതിയ യുവരാജാവിന്റെ ഉദയം

ജയ്‌പൂർ: പരിശീലനത്തിനിടെ ഇതിഹാസ താരം രവീന്ദ്ര ജഡേജയുടെ പന്തുകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രഹരിക്കുന്ന യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനം ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്നു. ജഡേജയുടെ പരിചയസമ്പത്തിനെ പോലും വെല്ലുവിളിച്ചുകൊണ്ട് മൈതാനത്തിന്റെ എല്ലാ കോണുകളിലേക്കും പന്ത് പായിക്കുന്ന വൈഭവിനെ നോക്കി അവിശ്വസനീയതയോടെ നിൽക്കുന്ന ജഡേജയുടെ റിയാക്ഷൻ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ്, സിക്സറുകൾ കൊണ്ട് ജഡേജയെ നേരിടുന്ന രീതി വരാനിരിക്കുന്ന സീസണിൽ രാജസ്ഥാൻ റോയൽസിന് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്സിന് വിട്ടുനൽകിയാണ് രാജസ്ഥാൻ രവീന്ദ്ര ജഡേജയെയും സാം കറനെയും തങ്ങളുടെ പാളയത്തിലെത്തിച്ചത്.
ടീമിലെത്തിയ ജഡേജ നായകനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, സഞ്ജുവിന്റെ പിൻഗാമിയായി യുവതാരം റിയാൻ പരാഗിനെ നായകസ്ഥാനത്തേക്ക് നിയോഗിച്ച മാനേജ്‌മെന്റിന്റെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ മാറ്റങ്ങൾക്കിടയിലും വൈഭവിന്റെ തകർപ്പൻ ഫോം ടീമിന് പുത്തൻ ഉണർവ് നൽകുകയാണ്.
മാർച്ച് 28-ന് ആരംഭിക്കുന്ന ഐപിഎല്ലിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം മാർച്ച് 30-ന് ഗുവാഹത്തിയിൽ നടക്കും. സഞ്ജു സാംസൺ തന്റെ പഴയ തട്ടകമായ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ കുപ്പായത്തിൽ ആദ്യമായി ഇറങ്ങുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. വൈഭവ് സൂര്യവംശിയും ജഡേജയും അടങ്ങുന്ന രാജസ്ഥാൻ നിര സഞ്ജുവിന്റെ ചെന്നൈയെ എങ്ങനെ നേരിടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.










0 comments