ഇതും ചരിത്രം! ഓരോ മത്സരത്തിലും റെക്കോഡുകൾ തിരുത്തുന്ന വൈഭവ്

ഫയൽ ചിത്രം
ഹരാരെ: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. സിംബാബ്‌വെക്കെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ അർധസെഞ്ചുറി തികച്ചതോടെ, സീനിയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഈ 15കാരൻ സ്വന്തമാക്കി.
15 വയസും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ അപൂർവ നേട്ടത്തിലെത്തിയത്. നേപ്പാൾ താരം കുശാൽ മല്ലയുടെ റെക്കോഡാണ് വൈഭവ് മറികടന്നത്. കുശാലിന് 15 വയസും 340 ദിവസവുമായിരുന്നു റെക്കോഡ് നേടുമ്പോഴുള്ള പ്രായം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോഡും വൈഭവ് തിരുത്തിക്കുറിച്ചു. 16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിൻ ഈ റെക്കോഡ് നേടിയത്.
വെറും 18 പന്തുകളിൽ നിന്നാണ് വൈഭവ് തന്റെ കന്നി അന്താരാഷ്ട്ര അർധസെഞ്ചുറി പൂർത്തിയാക്കിയത്. 4 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ മാസ്മരിക ഇന്നിങ്സ്. ഐപിഎല്ലിലും അണ്ടർ-19 ലോകകപ്പിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത വൈഭവ്, ഇപ്പോൾ സീനിയർ ടീമിലും തന്റെ അവിസ്മരണീയമായ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്.









0 comments