പതിനഞ്ചാം വയസിൽ ചരിത്രനേട്ടം; ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ നായകനായി വൈഭവ് സൂര്യവംശി

വൈഭവ് സൂര്യവംശി| Photo: Screengrab
ബംഗളൂരു : 15-ാം വയസിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിന്റെ താൽക്കാലിക നായകനായാണ് വൈഭവ് ചരിത്രം കുറിച്ചത്. ക്യാപ്റ്റൻ ഇഷാൻ കിഷൻ പരിക്കേറ്റതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് വൈസ് ക്യാപ്റ്റനായിരുന്ന വൈഭവിനെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായി നിയോഗിച്ചത്.
സെൻട്രൽ സോണിന്റെ ഇന്നിങ്സിലെ 19-ാം ഓവറിനിടെയാണ് ഇഷാൻ കിഷന് കൈക്ക് പരിക്കേറ്റത്. മൈതാനത്ത് ചികിത്സ നൽകിയെങ്കിലും താരം കളം വിട്ടു. ഇതോടെ വിക്കറ്റ് കീപ്പിങ് ചുമതല കുമാർ കുശഗ്ര ഏറ്റെടുത്തു. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ തെരഞ്ഞെടുത്തത് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
ഐപിഎൽ 2025ൽ രാജസ്ഥാൻ റോയൽസിനായി കളിച്ചാണ് ബിഹാർ സ്വദേശിയായ വൈഭവ് ശ്രദ്ധ നേടിയത്. ഏഴ് മത്സരങ്ങളിൽ 252 റൺസ് നേടിയ താരം ഒരു അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും സ്വന്തമാക്കി. ഈ വർഷം നടന്ന അണ്ടർ19 ലോകകപ്പിലും താരം മികച്ച പ്രകടനം പുറത്തെടുത്തു. ഏഴ് മത്സരങ്ങളിൽ 439 റൺസ് നേടിയ താരം ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ വെറും 80 പന്തിൽ 175 റൺസും നേടി.
ഐപിഎൽ 2026ലും വൈഭവിന്റെ ബാറ്റിങ് മികവ് തുടർന്നു. 16 മത്സരങ്ങളിൽ 776 റൺസ് നേടിയ താരം 237.30 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാനും അവസരം ലഭിച്ചു.
ദുലീപ് ട്രോഫിയിലെ നോർത്ത് ഈസ്റ്റ് സോണിനെതിരായ ക്വാർട്ടർ ഫൈനലിൽ ആറ് പന്തിൽ എട്ട് റൺസെടുത്ത് പുറത്തായെങ്കിലും ബൗളിങ്ങിൽ വൈഭവ് മികവ് കാട്ടി. രണ്ടാം ഇന്നിങ്സിൽ മൂന്ന് ഓവറിൽ 11 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.
സെമിഫൈനലിൽ ടോസ് നേടിയ ഈസ്റ്റ് സോൺ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 15-ാം വയസിൽ ദുലീപ് ട്രോഫി ടീമിനെ നയിക്കുന്ന പുതിയ ഉത്തരവാദിത്തം വൈഭവിന്റെ കരിയറിലെ മറ്റൊരു നിർണായക അധ്യായമാകുകയാണ്. ഈസ്റ്റ് സോണിനെ ഫൈനലിലെത്തിക്കാൻ യുവ നായകന് കഴിയുമോയെന്നാണ് ഇനി ആരാധകർ ഉറ്റുനോക്കുന്നത്.










0 comments