ad
Deshabhimani

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി... സുഭാഷ് ചന്ദ്ര; 'പിടികിട്ടാ പട്ടിക' നീളുന്നു

subhash chandra choski malya nirav modi

സുഭാഷ് ചന്ദ്ര, മെഹുൽ ചോക്സി, വിജയ് മല്യ, നീരവ് മോദി

വെബ് ഡെസ്ക്

Published on Aug 30, 2026, 04:27 PM | 2 min read

മോദി സർക്കാരിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹായത്തോടെ രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിയെടുത്തു വിദേശത്തേക്ക് കടന്ന ശതകോടീശ്വരന്മാരുടെ പട്ടിക വീണ്ടും നീളുകയാണ്. ഏറ്റവും ഒടുവിലായി ബിജെപി നേതാവും മാധ്യമഭീമനുമായ സുഭാഷ് ചന്ദ്രയാണ് ഈ പട്ടികയിലേക്ക് അവസാനമായെത്തിയിരിക്കുന്നത്. എൻസിഎൽടിയുടെയും കേന്ദ്ര സർക്കാരിന്റെയും സംരക്ഷണത്തിൽ ഇരുപതിനായിരത്തിലധികം കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇയാൾ സ്വിറ്റ്സർലൻഡിലേക്ക് ബിസിനസ് മാറ്റാൻ ഒരുങ്ങുകയാണ്. ഇതോടെ രാജ്യം വിടൽ ഉറപ്പായിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ മുപ്പത്തിയെട്ടോളം പ്രമുഖരാണ് സമാനമായ രീതിയിൽ മുങ്ങിയത്.


കോടികൾ തട്ടിയ മെഹുൽ ചോക്സിയും നീരവ് മോദിയും


പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ആയിരക്കണക്കിന് കോടികൾ അടിച്ചുമാറ്റി വിദേശത്ത് സുഖജീവിതം നയിക്കുന്ന മെഹുൽ ചോക്സിയും നീരവ് മോദിയുമൊക്കെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. കോടികളുടെ കള്ളപ്പണ വെളുപ്പിക്കലും വിശ്വാസവഞ്ചനയും അടക്കം നിരവധി കേസ്സുകളാണ് മെഹുൽ ചോക്സിക്കെതിരെയുള്ളത്. 13,000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഇക്കാര്യം രാജ്യം തിരിച്ചറിയുന്നതിന് തലേന്ന്, 2018 ജനുവരിയിൽ ചോക്സി നാടുവിട്ടു. ബെൽജിയത്തിൽ വെച്ച് പിടിയിലായെങ്കിലും ഇയാളെ ഇതുവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.


malya nirav modi choskiവിജയ് മല്യ,മെഹുൽ ചോക്സി,നീരവ് മോദി


ഫോർബ്സ് പട്ടികയിലൊക്കെ ഇടംനേടിയ വജ്രവ്യാപാരിയായ നീരവ് മോദിയുടെ കഥയും മറ്റൊന്നല്ല. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 2 ബില്യൺ ഡോളർ (ഏകദേശം 14,000 കോടി രൂപ) തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത ശേഷം യുകെയിലേക്ക് കടന്നു. അവിടെ ജയിലിലിരുന്ന് ഇന്ത്യയിലേക്കുള്ള നാടുകടത്തലിനെതിരെ നിയമപോരാട്ടം നടത്തുകയാണ് നീരവ് മോദി.


വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ


ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയും ഈ പട്ടികയിലെ പ്രധാനിയാണ്. കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ എടുത്ത വലിയ തുക തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യ, താൻ നാടുവിടുന്നതിന് മുൻപ് അന്നത്തെ ധനമന്ത്രിയെ കണ്ടിരുന്നു എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.


ഐപിഎൽ വിവാദവും ലളിത് മോദിയും


ഐപിഎൽ ക്രമക്കേടുകളെ തുടർന്നാണ് ലളിത് മോദി രാജ്യം വിടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചെയർമാനായിരുന്ന കാലത്ത് സാമ്പത്തിക ക്രമക്കേടുകൾ, വാതുവെപ്പ്, അനധികൃത സംപ്രേഷണ ഇടപാടുകൾ, വിദേശനാണ്യ വിനിമയ ലംഘനങ്ങൾ എന്നീ കുറ്റങ്ങളാണ് ലളിത് മോദിക്കെതിരെ ചുമത്തിയിരുന്നത്. തുടർന്ന് 2013ൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു, കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തിയിരുന്നു. രാജ്യം വിടുകയായിരുന്നു.


5000 കോടിയുടെ വായ്‌പാ തട്ടിപ്പുകേസിൽ സിബിഐ അന്വേഷണം നേരിടുന്ന നിതിൻ സന്ദേശരയുൾപ്പെടെ നിരവധി പേരാണ് ഇത്തരത്തിൽ നിയമത്തിന്റെ കണ്ണുവെട്ടിച്ച് രാജ്യത്തിന് പുറത്തു കഴിയുന്നത്.


സുഭാഷ്‌ ചന്ദ്രയുടെ വായ്‌പാ കൊള്ള


ബിജെപി നേതാവും സീ ഗ്രൂപ്പ്‌ ഉടമയുമായ സുഭാഷ്‌ ചന്ദ്രയുടെ വായ്‌പാ കൊള്ള ആസൂത്രിതമെന്ന് വ്യക്തമാവുകയാണ്. സുഭാഷ്‌ ചന്ദ്രയുടെ 22006.57 കോടി രൂപയുടെ വായ്‌പാ കൊള്ളയ്‌ക്ക്‌ വഴിയൊരുക്കിയത്‌ മോദി സർക്കാർ കൊണ്ടുവന്ന പാപ്പരത്ത– നിർധനത്വ ചട്ടത്തിലെ (ഐബിസി) കോർപറേറ്റുകൾക്ക്‌ അനുകൂലമായ വ്യവസ്ഥയാണ്. വെറും ആറര കോടി രൂപയുടെ തിരിച്ചടവിൽ കടം ഒത്തുതീർപ്പാക്കാനാണ് ശ്രമം. വായ്‌പാ ദാതാക്കളുടെ സമിതി സുഭാഷ്‌ ചന്ദ്രയ്‌ക്ക്‌ അനുകൂലമായ ഒത്തുതീർപ്പ്‌ അംഗീകരിച്ചത്‌ 80.81 ശതമാനം ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണ്‌. ഇ‍ൗ ഭൂരിപക്ഷ വോട്ടിനുപിന്നിലെ വായ്‌പാ ദാതാക്കളെല്ലാം സുഭാഷ്‌ ചന്ദ്രയുമായി പ്രത്യക്ഷമായോ പരോക്ഷമായോ വ്യക്തിബന്ധമോ വ്യാപാരബന്ധമോ ഉള്ളവരാണ്.


subhash സുഭാഷ് ചന്ദ്ര


ഇത്തരം വൻകിട സാമ്പത്തിക തട്ടിപ്പുകാർക്കൊക്കെ ഭരണകേന്ദ്രങ്ങളിൽ നിന്നും ഉന്നത രാഷ്ട്രീയക്കാരിൽ നിന്നും വലിയ തോതിൽ ഒത്താശ ലഭിക്കുന്നുണ്ടെന്നുള്ളതാണ് വസ്തുത. പല കുറ്റവാളികൾക്കും വിദേശ പൗരത്വവും സുരക്ഷിത താവളങ്ങളും ഒരുക്കിക്കൊടുക്കുന്നതിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നത് രാജ്യത്ത് വലിയ ചർച്ചയായ വിഷയമാണ്. പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് വിദേശത്തേക്ക് വണ്ടി കയറുന്നവർക്ക് നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home