യുഎഇയിൽ സർവകലാശാലകൾക്ക് പുതിയ പരിശോധന ഫീസ്

ദുബായ് : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാങ്കേതിക, തൊഴിൽ പരിശീലന സ്ഥാപനങ്ങൾക്കും പുതിയ പരിശോധന ഫീസ് ഏർപ്പെടുത്തി യുഎഇ ഉന്നത വിദ്യാഭ്യാസ- ശാസ്ത്രീയ ഗവേഷണ മന്ത്രാലയം. സ്ഥാപനങ്ങളുടെയും പഠന പരിപാടികളുടെയും ലൈസൻസിങ്, അക്രഡിറ്റേഷൻ, പുതുക്കൽ നടപടികൾക്കുള്ള ഫീസ് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതാണ് പുതിയ തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലൈസൻസിങ്, അക്രഡിറ്റേഷൻ, ഗുണനിലവാര ഉറപ്പാക്കൽ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
സ്ഥാപനങ്ങൾക്കും പഠന പരിപാടികൾക്കും ആവശ്യമായ ലൈസൻസിങ്, അക്രഡിറ്റേഷൻ, പുതുക്കൽ നടപടികളുടെ ഭാഗമായി നടത്തുന്ന പരിശോധനകൾക്ക് നിശ്ചിത ഫീസ് ഈടാക്കും. പരിശോധനകളിൽ പങ്കെടുക്കുന്ന വിദഗ്ധരുടെയും പുറം മൂല്യനിർണയകരുടെയും സേവനച്ചെലവും ഫീസിൽ ഉൾപ്പെടും.
സേവന വിഭാഗങ്ങൾ, പരിശോധന ഫീസ്, പണമടയ-്ക്കൽ നടപടികൾ എന്നിവ വ്യക്തമായി നിർവചിക്കുന്നതിലൂടെ സ്ഥാപനങ്ങൾക്ക് സാമ്പത്തികവും ഭരണപരവുമായ ആസൂത്രണം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും. ലൈസൻസിങ്, സ്ഥാപന- പഠനപരിപാടി അക്രഡിറ്റേഷൻ നടപടികളുടെ ഭാഗമായുള്ള സാങ്കേതിക പരിശോധനകൾക്ക് നേരിട്ടാണ് ഫീസ് ഈടാക്കുന്നത്. സ്ഥാപനങ്ങളും പഠനപരിപാടികളും അംഗീകരിച്ച മാനദണ്ഡങ്ങളും നിബന്ധനകളും തുടർന്നും പാലിക്കുന്നുണ്ടോയെന്ന് പരിശോധനയിൽ വിലയിരുത്തും.
വ്യത്യസ്ത പഠനപരിപാടികൾക്ക് വ്യത്യസ്ത സാങ്കേതികവും സംഘടനാപരവുമായ പരിശോധന ആവശ്യകതകളുണ്ടെന്നതും പുതിയ ഫീസ് ഘടനയിൽ പരിഗണിച്ചിട്ടുണ്ട്. പരിശോധന ഫീസിൽ നിന്നുള്ള തുക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാങ്കേതിക-തൊഴിൽ പരിശീലന സ്ഥാപനങ്ങൾക്കുമുള്ള ‘റിവ്യൂ ഫണ്ടിലേക്ക്’ മാറ്റും. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെയും മൂല്യനിർണയകരെയും സ്ഥാപനങ്ങളെയും നിയോഗിക്കുന്നതിനും ഫണ്ട് ഉപയോഗിക്കും. പരിശോധന നടപടികളുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും ലൈസൻസിങ്, അക്രഡിറ്റേഷൻ സംവിധാനത്തിന്റെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ഇതുവഴി ലക്ഷ്യമിടുന്നു.










0 comments