അണയാതെ മണിപ്പൂർ; ഏറ്റുമുട്ടലിൽ ഒരു മരണം, ആറുപേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
ഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷഭരിതം. നോണി ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. നാനാ വിഭാഗത്തിലെ രണ്ട് സായുധ സംഘങ്ങളാണ് ഏറ്റുമുട്ടിയതെന്നാണ് വിവരം. 37 കാരനായ ജംഗൈലിംഗ് ഗോൺമെയ് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ആറുപേരെയും ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച പുലർച്ചയോടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നതായി പറയുന്നു. ഇതിന്റെ തുടർച്ചയായാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിവരം. മേഖലയിൽ സംഘർഷം നിലനിൽക്കുന്നത് പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തി.
പ്രദേശത്ത് സ്വാധീനം ഉറപ്പിക്കുന്നതിനെ ചൊല്ലിയുൾപ്പെടെ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങളാണ് പെട്ടെന്ന് വലിയ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് സുരക്ഷാ സേനയും മണിപ്പൂർ പൊലീസും സ്ഥലത്ത് തിരച്ചിൽ ശക്തമാക്കി. കുറ്റവാളികളെ ഉടനടി കണ്ടെത്തി നടപടി സ്വീകരണമെന്നാണ് ഉയരുന്ന ആവശ്യം. സംസ്ഥാനത്ത് നിലനിൽക്കുന്ന വംശീയ-സായുധ സംഘർഷങ്ങൾക്ക് പുറമേ, ഗ്രൂപ്പുകൾ തമ്മിലുള്ള ആഭ്യന്തര ഏറ്റുമുട്ടലുകൾ വർധിക്കുന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.










0 comments