സച്ചിനെയും കോഹ്‌ലിയെയും പോലെ പ്രതിഭയുള്ള താരം; വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ

വൈഭവ് സൂര്യവംശി |Photo;SLC
ലണ്ടൻ : ഇന്ത്യൻ ക്രിക്കറ്റിലെ യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. പ്രതിഭയുടെ കാര്യത്തിൽ വൈഭവ് സൂര്യവംശി സച്ചിൻ ടെണ്ടുൽക്കറെയോ വിരാട് കോഹ്‌ലിയെയോ പോലെ മികച്ചതാണെന്നും പ്രായമല്ല, പ്രകടനമാണ് ടീം സെലക്ഷനിൽ മാനദണ്ഡമാക്കേണ്ടതെന്നും കപിൽ ദേവ് വ്യക്തമാക്കി. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ട്വന്റി20 ടീമിൽ ഈ പതിനഞ്ചുകാരൻ ഇടംപിടിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി താരം ഇനിയും കാത്തിരിക്കുകയാണ്.
ട്വന്റി20 ലോകകപ്പ് നേടിയ സീനിയർ താരങ്ങൾക്ക് പകരം സ്ഫോടനാത്മക ബാറ്റിംഗ് നടത്തുന്ന വൈഭവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമോ എന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കപിൽ ദേവിന്റെ പ്രതികരണം. വൈഭവ് അപൂർവ പ്രതിഭയാണെന്ന് തെളിയിച്ചു കഴിഞ്ഞതായി ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതിഭയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അവൻ സച്ചിനെപ്പോലെയോ വിരാട് കോഹ്‌ലിയെപ്പോലെയോ മികച്ചവനാണ്. ട്വന്റി20യിൽ അവന്റെ പ്രതിഭ വ്യക്തമാണ്, എന്നാൽ മറ്റ് ഫോർമാറ്റുകളിൽ വൈഭവ് അത് തെളിയിക്കേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോൾ തുടർച്ചയായി അഞ്ച് ഓവർ മെയ്ഡൻ നേരിടാൻ അവന് സാധിക്കുമോ? ട്വന്റി20 യിൽ വൈഭവ് അസാധ്യ കളിക്കാരനാണ്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്ര വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ശതമാനം ആളുകൾ പോലും ലോകത്തുണ്ടാകില്ല - കപിൽ ദേവ് പറഞ്ഞു.
യുവതാരത്തെക്കുറിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അവന് വളരാൻ ആവശ്യമായ സമയം നൽകണമെന്നും കപിൽ ദേവ് ഓർമ്മിപ്പിച്ചു. താൻ വൈഭവിന്റെ കളി അധികം കണ്ടിട്ടില്ലെങ്കിലും വലിയ പ്രതിഭയാണെന്നതിൽ സംശയമില്ല. എന്നാൽ ഈ പ്രായത്തിൽ താരത്തിന് ചുറ്റും അമിത സമ്മർദ്ദം ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ വൈഭവ് അതിനെ എങ്ങനെ അതിജീവിക്കുമെന്നത് പ്രധാനമാണെന്നും കപിൽ ദേവ് ചൂണ്ടിക്കാട്ടി. സച്ചിനോ സുനിൽ ഗാവസ്കറോ വിവിയൻ റിച്ചാർഡ്സോ ആകട്ടെ, എല്ലാ കളിക്കാർക്കും മോശം സമയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പുതിയ തലമുറയിലെ കുട്ടികൾ കളിയിൽ വലിയ ആത്മവിശ്വാസമുള്ളവരാണെന്നും കപിൽ ദേവ് പറഞ്ഞു.










0 comments