ഒത്തുകളി വിവാദം; ഇന്ത്യൻ വംശജനായ യുഎസ് ക്രിക്കറ്റ് താരത്തിന് എട്ട് വർഷത്തെ വിലക്ക്

അഖിലേഷ് റെഡ്ഢി
ദുബായ്: അഴിമതി വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനായ അമേരിക്കൻ ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും എട്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.
അബുദാബി ടി 10 ലീഗുമായി ബന്ധപ്പെട്ട് ക്രിക്കറ്റിന്റെ അഴിമതി വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ നവംബറിലാണ് 26കാരനായ റെഡ്ഡിക്കെതിരെ നടപടി ആരംഭിച്ചത്. മൂന്ന് കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു.
ഐസിസി ആന്റി കറപ്ഷൻ ട്രിബ്യൂണൽ നടത്തിയ അന്വേഷണത്തിൽ, മത്സരങ്ങളിൽ ഒത്തുകളിക്കാനോ അനധികൃതമായി സ്വാധീനിക്കാനോ ശ്രമിച്ചതായും മറ്റൊരു താരത്തെ അഴിമതി പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. അന്വേഷണവുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിലെ വിവരങ്ങളും സന്ദേശങ്ങളും നീക്കം ചെയ്തതും റെഡ്ഡിക്കെതിരായ കുറ്റങ്ങളിൽ ഉൾപ്പെടുത്തി.
2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് എട്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതെന്ന് ഐസിസി അറിയിച്ചു. മറ്റൊരു താരത്തെ അഴിമതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താനുള്ള റെഡ്ഡിയുടെ ശ്രമം വിജയിച്ചില്ലെന്നും ഐസിസി വ്യക്തമാക്കി. 2025 ഏപ്രിലിലാണ് റെഡ്ഡി അവസാനമായി യുഎസ് ടീമിനായി കളിച്ചത്.
ഇന്ത്യയിലെ ഹൈദരാബാദിൽ വളർന്ന റെഡ്ഡി വിജയ് ഹസാരെ ട്രോഫി ടീമിന്റെ ഭാഗമായിരുന്നു. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനായി നെറ്റ് ബൗളറായും പ്രവർത്തിച്ചിട്ടുണ്ട്. വലംകൈ ബാറ്ററും ഓഫ് സ്പിന്നറുമായ റെഡ്ഡി അന്താരാഷ്ട്ര അവസരങ്ങൾ ലക്ഷ്യമിട്ടാണ് അമേരിക്കൻ ക്രിക്കറ്റിലേക്ക് മാറിയത്.









0 comments