Deshabhimani

ഫൈവ് സ്റ്റാർ ഹോട്ടലിൽ ടോയിലറ്റ് നിഷേധിച്ചെന്ന് യുവതി; വീഡിയോ വൈറൽ, രണ്ടായിത്തിരിഞ്ഞ് സോഷ്യല്‍മീഡിയ

viral video hotel
വെബ് ഡെസ്ക്

Published on Oct 06, 2026, 04:46 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ലെന്ന യുവതിയുടെ ആരോപണം സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഷാങ്‌ഗ്രി-ലാ ഇറോസ് ഹോട്ടലിന് പുറത്തുനിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് അടിയന്തരമായി ശുചിമുറി ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും അനുമതി നൽകിയില്ലെന്ന് യുവതി ആരോപിക്കുന്നത്.


ഹോട്ടൽ പോലുള്ള സ്ഥാപനങ്ങൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ശുചിമുറി സൗകര്യം നൽകേണ്ടതുണ്ടോ എന്ന ചോദ്യവുമായി 1867ലെ ഇന്ത്യൻ സറായ്സ് ആക്ടിനെയും പോസ്റ്റിൽ പരാമർശിച്ചു.



വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ആളുകൾ രണ്ടുചേരിയിലായി. അടിയന്തര സാഹചര്യത്തിൽ ഒരാൾക്ക് ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കുന്നത് അടിസ്ഥാനപരമായ മാനുഷിക പരിഗണനയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കു പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ സഹായം നിഷേധിക്കുന്നത് ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.


അതേസമയം ഹോട്ടലിന്റെ നടപടിയെ പിന്തുണച്ചവരും നിരവധിയുണ്ട്. ഹോട്ടൽ സ്വകാര്യസ്ഥാപനമാണെന്നും ആരെ അകത്തേക്ക് പ്രവേശിപ്പിക്കണം, ആരെ സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണം എന്നത് മാനേജ്മെന്റിന്റെ തീരുമാനമാണെന്നാണ് ഇവരുടെ അഭിപ്രായം. പൊതുശുചിമുറികൾ ഉപയോഗിക്കേണ്ടതിന് പകരം എന്തിനാണ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനെ സമീപിച്ചതെന്ന ചോദ്യവും ഉയർന്നു.


എന്നാൽ അതിനേക്കാളൊക്കെ ചർച്ചയായത് വീഡിയോയുടെ ആധികാരികതയാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സാധാരണയായി ലോബിക്കു സമീപം തന്നെ ശുചിമുറികൾ ഉണ്ടാകാറുണ്ടെന്നും അവ ഉപയോഗിക്കാൻ ഒരാൾ അതിഥിയാണോയെന്ന് പരിശോധിക്കാറില്ലെന്നും ചിലർ പറഞ്ഞു.


“ഇത് വ്യാജ വിവാദമാണെന്നാണ് തോന്നുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ലോബിയിൽ കയറുമ്പോൾ തന്നെ നിങ്ങൾ അതിഥിയാണോയെന്ന് ആരും ചോദിക്കാറില്ല. ലോബിക്കു സമീപം ശുചിമുറിയും ഉണ്ടാകും. ഇന്റർനെറ്റിൽ ശ്രദ്ധ നേടാൻ വേണ്ടി ഉണ്ടാക്കുന്ന വ്യാജ വീഡിയോ ശരിയല്ല,” എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home