സ്‌കൂട്ടറിൽ നിന്ന് വീണ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി; 14കാരിക്ക് ദാരുണാന്ത്യം

ലുധിയാന: സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അൻഷികയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മറ്റ് രണ്ട് കുട്ടികൾക്കൊപ്പം പരിശീലനത്തിനായി സ്‌കൂളിലേക്ക് പോവുകയായിരുന്നു അൻഷിക. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇഷ്ടിക കയറ്റിയ ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വരികയായിരുന്നു. ഇതോടെ പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഇവർ റോഡിലേക്ക് വീണു.
സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന അൻഷിക വീണത് ട്രാക്ടറിന്റെ ചക്രത്തിനടിയിലേക്കായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ സമീപത്തെ ഡിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകൾ കാരണം ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ബതിന്ദയിൽ നടക്കുന്ന സംസ്ഥാനതല ഹാൻഡ്‌ബോൾ മത്സരത്തിൽ പങ്കെടുക്കാൻ പോകാനിരിക്കവെയാണ് അപകടം.
ട്രാക്ടർ ട്രോളിയിൽ ഏകദേശം 20 ടണ്ണോളം ഭാരം ഉണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരനായ പിതാവും വീട്ടമ്മയായ മാതാവും 13 വയസ്സുള്ള സഹോദരനും അടങ്ങുന്നതാണ് അൻഷികയുടെ കുടുംബം.









0 comments