അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം പാകിസ്ഥാന്

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം പാകിസ്ഥാന്. ഇന്ത്യയെ 191 റൺസിന് തറപറ്റിച്ചാണ് പാകിസ്ഥാൻ കിരീടം ചൂടിയത്. പാകിസ്ഥാന്റെ രണ്ടാം കിരീട നേട്ടമാണിത്. ദുബായ്, ഐസിസി അക്കാദമി ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് നേടിയത്. 113 പന്തിൽ 172 റൺസ് നേടിയ സമീർ മിൻഹാസാണ് പാകിസ്ഥാനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യ 26.2 ഓവറിൽ 156 റൺസിന് എല്ലാവരും പുറത്തായി. 16 പന്തിൽ 36 റൺസ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.2012ൽ ഇന്ത്യയും പാകിസ്ഥാനും സംയുക്ത ജേതാക്കളായിരുന്നു.
വൈഭവ് സൂര്യവൻഷി (26), ആരോൺ ജോർജ് (16), അഭിഗ്യാൻ കുണ്ടു (13), ഖിലൻ പട്ടേൽ (19) എന്നിവരാണ് രണ്ടക്കം കണ്ട ഇന്ത്യൻ താരങ്ങൾ. ആയുഷ് മാത്രെ (2), വിഹാൻ മൽഹോത്ര (7), വേദാന്ത് ത്രിവേദി (9), കനിഷ്‌ക് ചൗഹാൻ (9), ഹെനിൽ പട്ടേൽ (9) എന്നിവർക്ക് തിളങ്ങാനായില്ല. വാലറ്റത്ത് ദീപേഷ് പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യയുടെ തോൽവിയുടെ ആഘാതം അൽപ്പമെങ്കിലും കുറച്ചത്.
16 പന്തുകൾ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. പാകിസ്ഥാന് വേണ്ടി അലി റാസ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സയ്യാം, അബ്ദുൾ സുബ്ഹാൻ, ഹുസൈഫ അഹ്‌സാൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.










0 comments