തീക്കാറ്റായി വിഹാൻ; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യൻ കൗമാരപ്പട

വിഹാൻ മൽഹോത്ര | Photo Credit: X/ICC
ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്നജയം. മഴപെയ്ത് ഇടയ്ക്ക് അനിശ്ചിതത്വത്തിലാക്കിയ മത്സരത്തിൽ 18 റൺസിനാണ് ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.4 ഓവറിൽ 238 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 28.3 ഓവറിൽ 146 റൺസ് നേടാനേ ബംഗ്ലാദേശിന് കഴിഞ്ഞുള്ളൂ. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ വിഹാൻ മൽഹോത്രയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിർണാകമായത്.
സ്കോർ: ഇന്ത്യ- 238 റൺസ് (48.4/49 ഓവർ). ബംഗ്ലാദേശ്- 146 (28.3/29 ഓവർ. വിജയലക്ഷ്യം:165).
ഇന്ത്യൻ നിരയിൽ ആകെ നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. വൈഭവ് സൂര്യവംശിയും (67 പന്തിൽ 72 റൺസ്) അഭിഗ്യാൻ കുണ്ഡുവും (112 പന്തിൽ 80 റൺസ്) അർധ സെഞ്ചുറി നേടി. 26 പന്തിൽ 28 റൺസ് നേടി കനിഷ്ക് ചൗഹാനും, പതിനൊന്നാമനായി ഇറങ്ങി 6 പന്തിൽ 11 റൺസ് നേടിയ ദീപേഷ് ദേവേന്ദ്രനും മാത്രമാണ് സ്കോർ ഉയർത്താനായത്.
9.2 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അൽ ഫഹദാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.
മഴയെത്തുടർന്ന് മത്സരം തടസ്സപ്പെട്ടതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 29 ഓവറിൽ 165 റൺസായി ചുരുക്കി. 72 പന്തിൽ 51 റൺസെടുത്ത ക്യാപ്റ്റൻ അസീസുൽ ഹകീം തമീം ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. വിഹാൻ മൽഹോത്ര നാല് വിക്കറ്റ് വീഴ്ത്തി. ഖിലാൻ പട്ടേൽ രണ്ടും ദീപേഷ് ദേവേന്ദ്രൻ, ഹെനിൽ പട്ടേൽ, കൈനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ജയത്തോടെ ഗ്രൂപ്പ് എയിൽ നാലു പോയിന്റായ ഇന്ത്യ, സൂപ്പർ സിക്സ് റൗണ്ടിലേക്കു പ്രവേശനം ഉറപ്പാക്കി. ആദ്യ മത്സരത്തിൽ യുഎസിനെയാണ് ഇന്ത്യ തോൽപ്പിച്ചത്.










0 comments