ad
Deshabhimani

അനായാസം 
തൃശൂർ ; ആലപ്പിയെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു

Thrissur Titans Kerala Cricket League

തൃശൂർ ടെെറ്റൻസ് ഓപ്പണർമാരായ ആനന്ദ്‌ കൃഷ്‌ണനും (ഇടത്ത്) അഹമ്മദ്‌ ഇമ്രാനും

വെബ് ഡെസ്ക്

Published on Aug 23, 2025, 01:45 AM | 2 min read


തിരുവനന്തപുരം

കേരള ക്രിക്കറ്റ്‌ ലീഗിൽ (കെഎസിഎൽ) തൃശൂർ ടൈറ്റൻസിന്‌ ആധികാരിക തുടക്കം. ആദ്യ കളിയിൽ ആലപ്പി റിപ്പിൾസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്തു. ഓപ്പണർമാരുടെ മനോഹര പ്രകടനമാണ്‌ തൃശൂരിന്‌ അനായാസ ജയമൊരുക്കിയത്‌. ആലപ്പി ഉയർത്തിയ 152 റൺ ലക്ഷ്യം 16.3 ഓവറിൽ മറികടന്നു.


ആലപ്പി ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ 151 റണ്ണെടുത്തത്‌. തൃശൂരിനായി ഓപ്പണർമാരായ ആനന്ദ്‌ കൃഷ്‌ണനും (39 പന്തിൽ 63) അഹമ്മദ്‌ ഇമ്രാനും (44 പന്തിൽ 61) ഒന്നാന്തരം പ്രകടനം പുറത്തെടുത്തു. ആലപ്പിയുടെ നാല്‌ വിക്കറ്റെടുത്ത തൃശൂരിന്റെ മീഡിയം പേസർ സിബിൻ ഗിരീഷാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌.


സ്‌കോർ: ആലപ്പി 151/7 ; തൃശൂർ 152/3 (16.3)


ലക്ഷ്യത്തിലേക്ക്‌ ആനന്ദും ഇമ്രാനും തകർപ്പനടികളോടെ തുടങ്ങി. ആദ്യ വിക്കറ്റിൽ ഇരുവരും 12.4 ഓവറിൽ 121 റൺ കൂട്ടിച്ചേർത്തു. എട്ട്‌ ഫേ-ാറടിച്ച ഇമ്രാനെ വിഘ്‌നേഷ്‌ പുത്ത‍‍‍ൂരാണ്‌ പുറത്താക്കിയത്‌. അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറും പറത്തിയ ആനന്ദും പിന്നാലെ മടങ്ങി. ശ്രീഹരി എസ്‌ നായർക്കാണ്‌ വിക്കറ്റ്‌. ജയത്തിന്‌ രണ്ട്‌ റണ്ണകലെവച്ച്‌ ഷോൺ റോജറെ (7) വിഘ്‌നേഷ്‌ മടക്കിയെങ്കിലും അക്ഷയ്‌ മനോഹറ--ും (10) എ കെ അർജുനും (1) ചേർന്ന്‌ ജയംകുറിച്ചു.


ടോസ്‌ നേടിയ തൃശൂർ ക്യാപ്‌റ്റൻ സിജോമോൻ ജോസഫ്‌ ആലപ്പിയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. 17 റണ്ണെടുക്കുന്നതിനിടെ ഓപ്പണർമാരായ അക്ഷയ്‌ ചന്ദ്രനെയും (7) ജലജ്‌ സക്‌സേനയെയും (8) ആലപ്പിക്ക്‌ നഷ്ടമായി. 38 പന്തിൽ 56 റണ്ണെടുത്ത ക്യാപ്‌റ്റൻ മുഹമ്മദ്‌ അസ്‌ഹറുദീനാണ്‌ സ്‌കോർ ബോർഡ്‌ ചലിപ്പിച്ചത്‌. മൂന്ന്‌ വീതം സിക്‌സറും ഫോറും ക്യാപ്‌റ്റന്റെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. നാലോവറിൽ 23 റൺമാത്രം വഴങ്ങിയാണ്‌ സിബിൻ നാല്‌ വിക്കറ്റെടുത്തത്‌.


ട്രിവാൻഡ്രത്തിന് 
നാല് വിക്കറ്റ് ജയം

കേരള ക്രിക്കറ്റ്‌ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ട്രിവാൻഡ്രം റോയൽസ് ആദ്യ ജയം കുറിച്ചു.

തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ കൊല്ലം ഒമ്പത്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 164 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ട്രിവാൻഡ്രം 19 ഓവറിൽ ജയംകുറിച്ചു. 45 പന്തിൽ 62 റണ്ണെടുത്ത റിയാ ബഷീറാണ് ട്രിവാൻഡ്രത്തിന് ജയമൊരുക്കിയത്.


വത്സൽ ഗോവിന്ദും (47 പന്തിൽ 63) അഭിഷേക്‌ നായരും (36 പന്തിൽ 53) നേടിയ അർധസെഞ്ചുറികളാണ്‌ കൊല്ലത്തിന് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്‌.

ക്യാപ്‌റ്റൻ സച്ചിൻ ബേബിയും (10) ഓപ്പണർ വിഷ്‌ണു വിനോദും (1) തിളങ്ങിയില്ല. റോയൽസിനായി വി അഭിജിത്‌ പ്രവീൺ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റെടുത്തു.

ആദ്യ കളിയിൽ ട്രിവാൻഡ്രം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനോട്‌ എട്ട്‌ വിക്കറ്റിന്‌ തോറ്റിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home