എങ്ങനെ എറിഞ്ഞാലും സിക്സും ഫോറും മാത്രം; ഫൈനലിലും ഞെട്ടിച്ച വൈഭവം

വൈഭവ് സൂര്യവംശി | Photo Credit: ICC
ഹരാരെ: വണ്ടർ കിഡ് എന്ന വിളിപ്പേര് വെറുതെയല്ല എന്ന് ഓരോ മത്സരത്തിലും തെളിയിക്കുകയാണ് വൈഭവ് സൂര്യവംശി. 14കാരന്റെ ബാറ്റിന്റെ ചൂടറിയാത്തവരിൽ പ്രഗത്ഭരൊന്നും തന്നെ ഇല്ലെന്ന് പറയാം. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ പതിവുപോലെ ഒന്നിനെയും കൂസാതെ, ഒരു സമ്മർദവുമില്ലാതെ വെടിക്കെട്ട് പ്രകടനമാണ് ഈ ബിഹാറുകാരൻ കാഴ്ചവെച്ചത്.
ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് വെറും 55 പന്തിൽ സെഞ്ചുറിയും കടന്നു. ഒൻപതാം ഓവറിൽ 18 റൺസാണ് താരം അടിച്ചെടുത്തത്. നേരിട്ട 15 പന്തുകൾ വീതം സിക്സറുകളും ഫോറുകളും പറത്തി. ബൗണ്ടറികളിലൂടെ മാത്രം 150 റൺസ് നേടി. ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. 80 പന്തിൽ 175 റൺസ് നേടിയാണ് പുറത്തായത്. സ്ട്രൈക്ക് റേറ്റ് 218.75.
യൂത്ത് ഏകദിനങ്ങളുടെ ചരിത്രത്തിൽ ഒരു ഫൈനലിലോ നോക്കൗട്ട് മത്സരത്തിലോ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ഒരു യൂത്ത് ഏകദിന ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡും സൂര്യവംശി നേടി. ഡിസംബറിൽ യുഎഇയ്‌ക്കെതിരെ 14 സിക്‌സറുകൾ അടിച്ച സ്വന്തം റെക്കോർഡ് തന്നെയാണ് ഈ കൗമാരതാരം തിരുത്തിയത്.
2011ൽ ബിഹാറിലെ തജ്‌പുരിലാണ് വൈഭവിന്റെ ജനനം. നാലാംവയസ്സിൽ കളി തുടങ്ങി. മകന്റെ ക്രിക്കറ്റ് പ്രേമം തിരിച്ചറിഞ്ഞ അച്ഛൻ സഞ്‌ജീവാണ് പ്രോത്സാഹനം നൽകിയത്. വീട്ടുമുറ്റത്ത് കളമൊരുക്കി പരിശീലനം ആരംഭിച്ചു. ഒമ്പതാം വയസ്സിൽ അക്കാദമിയിൽ. രണ്ടരവർഷംകൊണ്ട് സംസ്ഥാന അണ്ടർ 16 ടീമിൽ ഇടംപിടിച്ചു. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഐപിഎൽ ടീമുമായി കരാറിലെത്തുന്ന പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.










0 comments