print edition ഇൗ ഗോളിന് കണ്ണീർ നനവ്

photo credit: Raul Jimenez facebook
അഴ്‌സണൽ പ്രതിരോധക്കാരൻ ഡേവിഡ് ലൂയിസുമായുള്ള കൂട്ടിയിടിയിൽ റൗൾ ഹിമിനെസിന്റെ ജീവനുനേരെ മരണം ചുവപ്പുകാർഡ് വീശിയതാണ്. പക്ഷേ, ഹിമിനെസ് ഉയിർത്തു. മരണത്തെയും തോൽപ്പിച്ചുകൊണ്ട് പന്തുമായി കുതിച്ചു. ആ അനുപമ യാത്ര ലോകകപ്പ് ഫുട്‌ബോൾ വേദിയിൽ എത്തിനിൽക്കുന്നു. അസ്‌റ്റെക സ്‌റ്റേഡിയമാകെ മെക്‌സിക്കൻ തിരമാല അലയടിക്കുകയായിരുന്നു. ആ ഇരമ്പത്തിനിടയിൽ ദക്ഷിണാഫ്രിക്കയുടെ ഗോൾവല ഹിമിനെസ് കുലുക്കി. എൺപതിനായിരത്തോളംവരുന്ന ആരാധകരെ സാക്ഷിയാക്കി ആകാശത്തേക്ക് കൈകളുയർത്തി. മാസങ്ങൾക്ക് മുമ്പ് തന്നെ വിട്ടുപിരിഞ്ഞ അച്ഛനെ ഓർത്തു. കണ്ണുകൾ നനഞ്ഞു.
2020 നവംബർ 29ന് കളത്തിൽ തലയിടിച്ചുവീണ നിമിഷമോർത്തു. കവിളുകളിൽ കണ്ണീർ പടർന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആർസനൽ– വൂൾവ്‌സ് മത്സരത്തിനിടെയാണ് ലൂയിസുമായി കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കളത്തിൽ നിശ്‌ചലനായി കിടക്കുന്ന കാഴ്‌ച ഏവരെയും ഭയപ്പെടുത്തി. മാസങ്ങൾ ആശുപത്രിയിൽ. എട്ട് മാസം പന്ത് തൊട്ടില്ല. പതുക്കെയാണ് കളിജീവിതം തിരിച്ചുപിടിച്ചത്. തലയിലിപ്പോഴും രക്ഷാകവചമുണ്ട്. ലോകകപ്പ് കളത്തിൽ ആദ്യമായാണ് മുഴുവൻ സമയവും ഇറങ്ങുന്നത്. 2014 മുതൽ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നെങ്കിലും ആദ്യഗോൾ വന്നത് കഴിഞ്ഞ ദിവസമായിരുന്നു. 2014, 2018, 2022 ലോകകപ്പുകളിൽ പകരക്കാരന്റെ വേഷമായിരുന്നു.









0 comments