ട്രോളിങ് നിരോധനം: കുതിച്ച് മീൻ വില

കൊച്ചി മാർക്കറ്റിലെ മീൻവിൽപന സ്റ്റാളുകളിൽ വെള്ളി ഉച്ചയോടെ കച്ചവടം അവസാനിപ്പിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Jun 13, 2026, 02:14 AM | 1 min read
കൊച്ചി
ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീൻവിപണിയിൽ വില കുതിക്കുന്നു. മീൻലഭ്യതയിൽ വലിയ കുറവുണ്ട്. യന്ത്രവൽക്കൃതബോട്ടുകൾ കരയ്‌ക്കടുപ്പിച്ചതോടെ ഇൻബോർഡ് വള്ളങ്ങളും പരന്പരാഗത യാനങ്ങളും മാത്രമാണ് മീൻപിടിത്തത്തിനായി കടലിൽ പോകുന്നത്.
ആവശ്യക്കാർ ഏറെയുള്ള ചാള, കൊഴുവ, കിളിമീൻ, കേര, പുള്ളിമോത, കണവ, കേര, നെയ്‌മീൻ, ആവോലി, വിളമീൻ, ഏരി, വറ്റ തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞു. ട്രോളിങ് നിരോധനത്തിനുമുന്പ് 200 രൂപയിൽ താഴെയായിരുന്ന ചാളയ്ക്ക് 300 മുതൽ 360 രൂപയും കിളിമീനിന് 260 മുതൽ 300 രൂപയുമായി. കൊഴുവ 220–240 രൂപവരെയെത്തി. കഴിഞ്ഞയാഴ്ച 160 രൂപയായിരുന്നു. മറ്റു മീനുകളുടെ വിലയും കുതിച്ചു. 120 രൂപയായിരുന്ന ചെറിയ അയലയ്ക്ക് 160 രൂപയായി. ചെറിയ മീനുകൾക്കുവരെ വില ഉയർന്നതോടെ വിൽപ്പനയും കുറഞ്ഞു. കടൽമീനുകളുടെ വരവ് കുറഞ്ഞതോടെ റോഹു, പിരാന, സിലോപ്പി തുടങ്ങിയ വളർത്തുമീനുകളും വ്യാപാരികൾ വിൽപ്പനയ്ക്ക് എത്തിച്ചുതുടങ്ങി.
തോപ്പുംപടി, വൈപ്പിൻ, മുനന്പം, ചെല്ലാനം ഹാർബറുകളിൽനിന്നാണ് എറണാകുളം ജില്ലയിലെ വിവിധ മാർക്കറ്റുകളിലേക്ക് മീനുകൾ എത്തുന്നത്. ദിവസം മുഴുവൻ വ്യാപാരം നടന്നിരുന്ന പ്രധാന മാർക്കറ്റുകളിലെല്ലാം ഉച്ചയോടെ മീൻ തീരുന്ന സാഹചര്യമാണ്.
ഹോട്ടൽ, കാറ്ററിങ് മേഖലയ്ക്കും ഇരുട്ടടി
പാചകവാതക വിലവർധനയ്ക്ക് പിന്നാലെ മീനുകൾക്കും വിലകൂടിയതോടെ ഹോട്ടൽ, കാറ്ററിങ് മേഖലയ്ക്കും ഇരുട്ടടിയായി. നിലവിലെ നിരക്കിന് മീൻവിഭവങ്ങൾ നൽകാൻ കഴിയാതെവരുന്പോൾ ഹോട്ടലുകളും വിലകൂട്ടാൻ നിർബന്ധിതരാകും. കാലാവസ്ഥ മോശമായാൽ പരന്പരാഗത മീൻപിടിത്ത തൊഴിലാളികൾക്കും കടലിൽ പോകാൻപറ്റാത്ത സാഹചര്യമാകും. ഇത് ചെറുകിട വ്യാപാരികളെയും പ്രതിസന്ധിയിലാക്കുമെന്ന് 25 വർഷമായി എറണാകുളം മാർക്കറ്റിൽ മീൻകച്ചവടം നടത്തുന്ന കാക്കനാട് സ്വദേശി സിറാജ് പറഞ്ഞു.










0 comments