മഴ, കുഴി, വെള്ളക്കെട്ട്; റോഡിലുണ്ട് മരണം

കൊച്ചി
യാത്രക്കാരുടെ ജീവന് ഭീഷണിയായി റോഡുകളിലെ വെള്ളക്കെട്ടും കുഴികളും. ദേശീയപാതമുതൽ ഇടറോഡുകളിൽവരെ മരണം പതിയിരിക്കുന്ന സ്ഥിതിയാണ്. സ്വയം സൂക്ഷിച്ചില്ലെങ്കിൽ ജീവൻ നഷ്ടമാകും. മഴക്കാലത്ത് അപകടമുണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത് മുന്നിൽക്കണ്ട് സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും സ്വീകരിക്കേണ്ട നടപടികളിൽ ഇത്തവണ വീഴ്‌ച വരുത്തി. റോഡിലെ കുഴികളും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും അടയ്‌ക്കാനും തയ്യാറായില്ല.
കുഴികളിലും തകർന്നുകിടക്കുന്നിട ഇടങ്ങളിലും വെള്ളക്കെട്ടാണ്. കാനകൾ ഉൾപ്പെടെ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കുന്നതിലും അലംഭാവമുണ്ടായി. ഓടകളിലേതുൾപ്പെടെയുള്ള വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകുന്നു. പൈപ്പിടാനായി കുത്തിപ്പൊളിച്ച റോഡുകൾ പലതും തോടുകളായി. കോർപറേഷൻ പരിധിയിൽ കലൂർ ദേശാഭിമാനി റോഡ് ഉൾപ്പെടെ ഇൗ അവസ്ഥയിലാണ്. ഇതോടെ വെള്ളക്കെട്ടിലും കുഴികളിലും ചാടി വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നതും അപകടമുണ്ടാകുന്നതും പതിവായി. മരണങ്ങളുമുണ്ടാകുന്നു.
മോശം റോഡുകൾ, വെള്ളക്കെട്ട്, പ്രതികൂല കാലാവസ്ഥ എന്നിവയ്‌ക്കുപുറമെ അമിതവേഗം, അശ്രദ്ധ, മത്സരയോട്ടം, വാഹനങ്ങളുടെ തകരാർ, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്, ഡ്രെവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗം എന്നിവയും അപകടത്തിനിടയാക്കുന്നുണ്ട്.
മേയിൽ മാത്രം 363 വാഹനാപകടങ്ങളാണ് ജില്ലയിലുണ്ടായത്. ഇതിൽ 25 പേർക്ക് ജീവൻ നഷ്ടമായി. 443 പേർക്കാണ് പരിക്കുപറ്റിയത്. അപകടത്തിൽപ്പെട്ടതിൽ 137 എണ്ണം ഇരുചക്രവാഹനങ്ങളാണ്. കാർ, ജീപ്പ്–122 എണ്ണവും അപകടത്തിൽപ്പെട്ടു. ഇതിൽ പല അപകടങ്ങൾക്കും റോഡിന്റെ മോശം അവസ്ഥയും വെള്ളക്കെട്ടും കാരണമായിട്ടുണ്ട്.
സൂക്ഷിക്കണം അക്വാപ്ലെയിനിങ്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
മഴക്കാലത്ത് റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനം വേഗത്തിൽ ഓടിക്കുമ്പോൾ ടയറുകൾക്കും റോഡിനും ഇടയിൽ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുകയും ടയറിന് റോഡുമായുള്ള സമ്പർക്കം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് അക്വാപ്ലെയിനിങ്. ഈ സമയത്ത് ബ്രേക്കോ സ്റ്റിയറിങ്ങോ നിയന്ത്രിക്കാനാകില്ല. അമിതവേഗം, റോഡിലെ വെള്ളത്തിന്റെ അളവ്, ടയറിൽ കാറ്റ് കുറവ് എന്നിവയാണ് ഇതിനുള്ള കാരണങ്ങൾ. അക്വാപ്ലെയിനിങ് ഒഴിവാക്കാൻ വേഗം കുറച്ച് വാഹനം ഓടിക്കണം. ടയറുകളുടെ അവസ്ഥ പരിശോധിക്കണം. വെള്ളക്കെട്ടിലൂടെ പോകുന്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം പോകുക.
സഡൻ ബ്രേക്കിങ് ഒഴിവാക്കണം, വാഹനത്തിന്റെ ടയറിന്റെയും ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെയും ക്ഷമത ഉറപ്പാക്കണം. ഗൂഗിളിനെമാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നതും ഒഴിവാക്കണം.










0 comments