കിവീസ് 'ചോക്കേഴ്സ്' ആയി; ചരിത്രം കുറിച്ച് ടീം ഇന്ത്യ

ടീം ഇന്ത്യ |PHOTO: AFP

ഭരത് കൈപ്പുറത്ത്
Published on Mar 08, 2026, 10:29 PM | 2 min read
അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായി കിരീടം നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറിയപ്പോൾ ദൗർഭാഗ്യത്തിന്റെ കുഴിയിലേക്ക് ഒരിക്കൽ കൂടി വീണ് ന്യൂസിലൻഡ്. വലിയ വേദികളിലെ നിർണായക മത്സരങ്ങളിൽ കാലിടറുന്നത് കീവീസിന് പതിവാണ്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ പക്കലുള്ള 'ചോക്കേഴ്സ്' (നിർണായക മത്സരത്തിൽ തോൽക്കുന്നവർ) പട്ടം കീവീസിന് സ്വന്തമായി.
ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ കിരീടനേട്ടം സാധ്യമായിട്ടില്ല. എട്ട് ഐസിസി ടൂർണമെന്റുകളിൽ ഫൈനൽ കളിച്ച കിവീസ് ഇതുവരെ നേടിയത് രണ്ട് കിരീടങ്ങൾ മാത്രമാണ്. 2000ൽ ചാമ്പ്യൻസ് ട്രോഫി നേടിയതാണ് ആദ്യത്തേത്. പിന്നീട് 2021–23 ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. രണ്ട് ഏകദിന ലോകകപ്പ് ഫൈനലുകളിൽ മുമ്പ് കണ്ണീരണിഞ്ഞു. 2015ൽ ഓസ്‌ട്രേലിയയോടും 2019ൽ ഇംഗ്ലണ്ടിനോടും തോറ്റു. 2021 ട്വന്റി20 ലോകകപ്പിലും ഓസീസാണ് ജയിച്ചത്. 2009ലും 2025ലും ചാമ്പ്യൻസ് ട്രോഫി കൈവിട്ടു. ഓസീസും ഇന്ത്യയും ജേതാക്കളായി. 2026ൽ ഇന്ത്യയോട് തോറ്റും മടങ്ങി.
അതേസമയം കിരീട നേട്ടത്തോടെ ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസിലൻഡിനോട് ജയിച്ചിട്ടില്ലെന്ന ചീത്തപേര് ഇന്ത്യ മാറ്റി. ട്വന്റി20 ലോകകപ്പിലെ മുൻകാല ചരിത്രങ്ങളിൽ കിവീസിനായിരുന്നു ആധിപത്യം. നേരത്തെ മൂന്ന് തവണ മുഖാമുഖം കണ്ടപ്പോഴും വിജയം അവർക്കൊപ്പമായിരുന്നു.
2007ൽ ഇന്ത്യ കിരീടം ചൂടിയ ആദ്യ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ന്യൂസിലൻഡിന് മുന്നിൽ ടീം ആദ്യം അടിയറവ് പറഞ്ഞത്. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ഇന്നിങ്സ് 180 റണ്ണിന് അവസാനിച്ചു. ഡാനിയൽ വെട്ടോറിയുടെ തകർപ്പൻ പ്രകടനമാണ് (4/20) ഇന്ത്യയെ തളച്ചത്.
2016 ൽ സ്പിന്നിനെ തുണച്ച നാഗ്പൂരിലെ പിച്ചിൽ 126 റൺസ് പ്രതിരോധിച്ച ന്യൂസിലൻഡ്, ഇന്ത്യയെ വെറും 79 റൺസിന് പുറത്താക്കി. കിവീസ് നിരയിലെ മൂന്ന് സ്പിന്നർമാർ ചേർന്ന് ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്. വിരാട് കോഹ്‌ലി (23), എം എസ് ധോണി (30) എന്നിവർ മാത്രമാണ് പൊരുതിയത്. നിലവിലെ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചെൽ സാന്റ്‌നെർ (4/11), ഇഷ് സോധി (3/18) എന്നിവരുടെ സ്പിൻ കെണിയിൽ ഇന്ത്യ തകരുകയായിരുന്നു.
2021ൽ ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ വെറും 110/7 എന്ന നിലയിൽ ന്യൂസിലൻഡ് ബൗളർമാർ തളച്ചിട്ടു. ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇഷ് സോധിയും മിച്ചെൽ സാന്റ്‌നെറും മികച്ച രീതിയിൽ പന്തെറിഞ്ഞു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ കീവീസ് വിജയലക്ഷ്യം കണ്ടു. ഡാരിൽ മിച്ചലും കെയ്ൻ വില്യംസണുമാണ് ന്യൂസിലൻഡിന് അനായാസം വിജയം സമ്മാനിച്ചത്.
തുടർവിജയത്തിന്റെ കണക്കുമായി അഹമ്മദാബാദ് സ്റ്റേഡിയത്തിലെത്തിയ കീവിസ് കണ്ടത് മറ്റൊരു ഇന്ത്യയെയാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ മികവ് തെളിച്ച് ഇന്ത്യ, തോൽവിയുടെ കണക്കുകൾ ചരിത്ര വിജയത്തോടെ മായ്ച്ചു കളഞ്ഞു.










0 comments