print edition സൂര്യകുമാർ തെറിക്കും; ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റൻ വരുന്നു

മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ സ്ഥാനത്ത്‌നിന്ന് സൂര്യകുമാർ യാദവിനെ പുറത്താക്കിയേക്കും. ടീമിലെ സ്ഥാനവും സംശയത്തിലാണ്. ട്വന്റി20 ലോകകപ്പ് നേടാനായെങ്കിലും ബാറ്ററെന്ന രീതിയിൽ സൂര്യകുമാറിന്റെ പ്രകടനം മോശമായിരുന്നു. പിന്നാലെ ഐപിഎല്ലിലും തിളങ്ങാനായില്ല. അടുത്ത ലോകകപ്പും ഒളിന്പിക്‌സും ലക്ഷ്യമിട്ട് പുതിയൊരു നായകനെയാണ് ടീം മാനേജ്‌മെന്റ് തേടുന്നത്. ആ പദ്ധതികളിൽ സൂര്യകുമാറിന് ഇനി സ്ഥാനമില്ല. പ്രായവും പ്രതികൂല ഘടകമാണ്.
പകരക്കാരായി ശ്രേയസ് അയ്യർ, തിലക് വർമ, ഇഷാൻ കിഷൻ എന്നിവരുടെ പേരുകളാണ് സജീവം. മലയാളി വിക്കറ്റ് കീപ്പർ സഞ്‌ജു സാംസന്റെ പേര് ആദ്യ ഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. പക്ഷേ, നിലവിൽ ശ്രേയസിനാണ് സാധ്യത. ലോകകപ്പിന് മുന്പുതന്നെ സൂര്യകുമാറിനെ മാറ്റണമെന്ന ആവശ്യമുയർന്നിരുന്നു. ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരെ മാത്രമായിരുന്നു മികച്ച പ്രകടനമുണ്ടായത്. ഐപിഎൽ ഇൗ സീസണിൽ 13 കളിയിൽ 270 റണ്ണാണ് സന്പാദ്യം. രണ്ട് അർധസെഞ്ചുറി. ബാറ്റിങ് ശരാശരി 20.77.
മുപ്പത്തൊന്നുകാരനായ ശ്രേയസ് ഇൗ സീസണിൽ പഞ്ചാബ് കിങ്‌സിനായി ക്യാപ്‌റ്റനെന്ന നിലയിലും തിളങ്ങി. പക്ഷേ, വലംകൈയൻ ബാറ്റർ ഇന്ത്യക്കായി ട്വന്റി20യിൽ കളിച്ചിട്ട് 30 മാസമായി. 2023ലായിരുന്നു അവസാന മത്സരം. ഇൗ ഘട്ടത്തിൽ ഇന്ത്യ 63 മത്സരങ്ങളാണ് കളിച്ചത്. അതിൽ രണ്ട് ലോകകപ്പ് ഉൾപ്പെടും. എങ്കിലും പരിശീലകൻ ഗൗതം ഗംഭീറുമായുള്ള ബന്ധം ശ്രേയസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേതാക്കളാകുന്പോൾ ശ്രേയസ് ക്യാപ്‌റ്റനും ഗംഭീർ ടീം മെന്ററുമായിരുന്നു.
പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ ടീമിലെടുത്തേക്കും. ഐപിഎല്ലിലെ മികച്ച റൺവേട്ടക്കാരനായിരുന്നു രാജസ്ഥാൻ റോയൽസ് ഓപ്പണർ. ചാന്പ്യൻ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ക്യാപ്‌റ്റൻ രജത് പടീദാറും ടീമിലെത്തിയേക്കും. സൂര്യകുമാറിന്റെ സ്ഥാനത്ത് പടീദാർ കളിക്കും. ബംഗളൂരുവിനെ തുടർച്ചയായി രണ്ട് കിരീടങ്ങൾ സമ്മാനിച്ചിട്ടുണ്ട് പടീദാർ.









0 comments